റഷ്യ: ഒരു മാസം പ്രായമുള്ള മകന്റെ മരണത്തില്‍‍ റഷ്യന്‍ ഇന്‍ഫ്ലുവെന്‍സർ മാക്സിം ല്യൂട്ടിക്ക് എട്ട് വർഷം ജയില്‍ശിക്ഷ. അമാനുഷിക ശക്തി ലഭിക്കുന്നതിനായി കുഞ്ഞിനെ വെയിലത്ത് ദിവസങ്ങളോളം വെച്ചതാണ് മരണത്തിന് കാരണമായത്. പോഷഹാകാരക്കുറവും ന്യൂമോണിയയും ബാധിച്ചാണ് കുഞ്ഞ് മരിച്ചത്. സോചിയിലെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല‍.
കോസ്മോസ് എന്നായിരുന്നു കുഞ്ഞിന്റെ പേര്. ആശുപത്രിയില്‍ പോകാന്‍ മാക്സിം അനുവദിക്കാത്തതിനാല്‍ പങ്കാളിയായ ഒക്സാന മിറോനോവ കോസ്മോസിന് ജന്മം നല്‍കിയത് വീട്ടില്‍ വെച്ചായിരുന്നെന്നാണ് റിപ്പോർട്ടുകള്‍.
ശരീരത്തിന്റെ ആത്മീയ ഊർജം വർധിപ്പിക്കുമെന്ന് കരുതപ്പെടുന്ന ബെറികള്‍ പോലുള്ളവ ഉള്‍പ്പെട്ട കഠിനമായ ഭക്ഷണക്രമമായിരുന്നു കോസ്മോസിന് മാക്സിം നിശ്ചയിച്ചിരുന്നത്. കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ പോലും ഒക്സാനയെ മാക്സിം അനുവദിച്ചിരുന്നില്ലെന്ന് ബന്ധുവായ ഒലസ്യ നിക്കോളയേവ പറഞ്ഞു. കോസ്മോസിന്റെ വിശപ്പിനുള്ളത് സൂര്യന്‍ നല്‍കുമെന്നാണ് മാക്സിം കരുതിയിരുന്നതെന്നും ഒലസ്യ കൂട്ടിച്ചേർത്തു.
കോസ്മോസിന് മാക്സിം അറിയാതെ മുലപ്പാല്‍ നല്‍കാനുള്ള ശ്രമങ്ങള്‍ ഒക്സാന നടത്തിയിരുന്നു. പക്ഷേ, ഒക്സാനയ്ക്ക് മാക്സിമിനെ ഭയമായിരുന്നു. കുഞ്ഞിന് ആവശ്യം അമ്മയുടെ മുലപ്പാലാണ്, സൂര്യപ്രകാശമല്ലെന്ന് ഒലസ്യ പറഞ്ഞു. കുഞ്ഞുങ്ങള്‍ക്ക് സാധാരണയായി നല്‍കിവരുന്ന പരിചരണങ്ങള്‍ മാക്സിം വിലക്കിയിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. കോസ്മോസിന് ശാരീരികക്ഷമത ലഭിക്കുമെന്ന് കരുതി തണുത്ത വെള്ളത്തിലായിരുന്നു കുളിപ്പിച്ചിരുന്നത്.
കോസ്മോസിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ മാക്സിം തയാറായപ്പോഴേക്കും ആരോഗ്യസ്ഥിതി അതീവഗുരുതരമായിരുന്നു. കോസ്മോസിന്റെ മരണത്തിന് പിന്നാലെ തന്നെ മാക്സിമിനെയും ഒക്സാനയെയും പോലീസ് അറസ്റ്റ് ചെയ്തു. ഒരു വർഷത്തോളമായി ജയിലില്‍ കഴിയുകയാണ് മാക്സിം. കേസിന്റെ വിധി പറയുന്നതിന് മുന്നോടിയായുള്ള അവസാന വിചാരണ ദിവസം കോടതിയിലെത്തിയ മാക്സിം കുറ്റം സമ്മതിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് എട്ട് വർഷത്തെ ജയില്‍ ശിക്ഷ കോടതി വിധിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *