ജോലിസ്ഥലത്ത് നിന്ന് പെരുന്നാളാഘോഷിക്കാൻ സുഹൃത്തുക്കളുടെ അടുത്തെത്തിയ പ്രവാസി മലയാളി മരിച്ചു

റിയാദ്: ജോലിസ്ഥലത്ത് നിന്ന് പെരുന്നാളാഘോഷിക്കാൻ ജിദ്ദയിലെത്തിയ മലയാളി മരിച്ചു. തെക്ക് പടിഞ്ഞാറൻ പ്രവിശ്യയിലെ അൽബാഹയിൽ ജോലി ചെയ്യുന്ന മലപ്പുറം കൂട്ടിലങ്ങാടി പള്ളിപ്പുറം സ്വദേശി ചേരിയിൽ നജ്മുദ്ധീൻ (46) ആണ് ജിദ്ദയിൽ മരിച്ചത്. നഖ്‌ൽ ട്രാൻസ്‌പോർട്ടേഷൻ കമ്പനി ജീവനക്കാരനായ ഇദ്ദേഹം ജിദ്ദയിലെ സുഹൃത്തുക്കളോടും ബന്ധുക്കളോടുമൊപ്പം പെരുന്നാൾ ആഘോഷിക്കാനെത്തിയതായിരുന്നു. 

വെള്ളിയാഴ്ച്ച രാത്രി അൽബാഹയിലേക്ക് തിരിച്ചുപോകാനായി വാഹനം കയറുന്ന സ്ഥലത്ത് എത്തിയപ്പോൾ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും ഉടൻ തന്നെ മരിക്കുകയുമായിരുന്നു. പിന്നീട് മൃതദേഹം ആംബുലൻസിൽ ജിദ്ദ മഹ്ജർ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ എത്തിച്ചു. 18 വർഷത്തോളമായി ഇദ്ദേഹം അൽബാഹയിൽ പ്രവാസിയായിരുന്നു. പരേതരായ കുഞ്ഞിമുഹമ്മദ്, ആമിന ദമ്പതികളുടെ മകനാണ്. ഭാര്യ – സീനത്ത്, മക്കൾ – ഹെന്ന (ഏഴ്), ഹനാൻ (12), സഹോദരങ്ങൾ – അക്ബർ, മുഹമ്മദ് റാഫി, സഹോദരിമാർ: മുംതാസ്, നുസ്‌റത്ത് ബീഗം, നുസൈബത്ത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

By admin