കൊച്ചി: മൂവാറ്റുപുഴ സ്‌പെഷ്യല്‍ സബ്ജയിലിലേക്ക് പൊതികള്‍ പുറത്തുനിന്ന് എറിഞ്ഞുകൊടുത്ത കേസില്‍ യുവാവ് പിടിയില്‍. തൃക്കാക്കര എച്ച്.എം.ടി. കോളനി കുന്നത്ത് കൃഷ്ണകൃപ വീട്ടില്‍ വിനീത് (32)നെയാണ് മൂവാറ്റുപുഴ പൊലീസ് പിടികൂടിയത്.
ഒരു പൊതിയിൽ മദ്യവും മിനറൽ വാട്ടറും അടങ്ങുന്ന ഓരോ കുപ്പിയും, മറ്റൊരു പൊതിയിൽ പതിനഞ്ച് കൂട് ബീഡിയും, മൂന്നാമത്തെ പൊതിയിൽ ഒരു ലാമ്പും 7 പായ്ക്കറ്റ് ചെമ്മീൻ റോസറ്റും ആണുണ്ടായിരുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ജയില്‍ വളപ്പിന് വെളിയില്‍നിന്ന് കോമ്പൗണ്ട് വാളിന് മുകളില്‍ക്കൂടി അകത്തേക്ക് വലിച്ചെറിയുകയായിരുന്നു.
അടുക്കളയുടെ പിൻഭാഗത്താണ് പൊതികൾ വന്ന് വീണത്. ജയിൽ സൂപ്രണ്ടിന്റെ പരാതിയെ തുടർന്ന് ഇൻസ്പെക്ടർ ബികെ അരുൺ, സബ് ഇൻസ്പെക്ടർ വിഷ്ണു രാജു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.