തൃശൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തൃശൂരില്‍ എത്തിയ മുഖ്യമന്ത്രിയെ തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ സന്ദര്‍ശിച്ചു. വനംവകുപ്പ് പുറപ്പെടുവിച്ച സര്‍ക്കുലറും ഹൈക്കോടതി ഇടപെടല്‍ അടക്കമുള്ള വിഷയങ്ങളിലെ പ്രതിസന്ധികളും ഭാരവാഹികള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. പൂരം ബ്രോഷര്‍ കൈമാറുകയും മുഖ്യമന്ത്രിയെ പൂരത്തിന് ക്ഷണിക്കുകയും ചെയ്തു.
പ്രസിഡന്റ് ഡോ.സുന്ദര്‍ മേനോന്‍, സെക്രട്ടറി കെ ഗിരീഷ് കുമാര്‍, ജോയിന്റ് സെക്രട്ടറി പി. ശശിധരന്‍, ദേവസ്വം അംഗം വിജയ കുമാര്‍ മേനോന്‍ തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ കണ്ടത്. അനാവശ്യ നിയന്ത്രണങ്ങള്‍ തൃശൂര്‍ പൂരത്തിന്റെ നിറം കെടുത്തുമെന്നും നിയന്ത്രണങ്ങള്‍ക്കൊപ്പം പൂരത്തിന്റെ ചാരുത നഷ്ടപ്പെടാതെ നോക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും എല്ലാ വര്‍ഷവും തൃശൂര്‍ പൂരം അടുത്താലുണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക് ശ്വാശതമായ പരിഹാരത്തിന് സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നും ദേവസ്വം ഭാരവാഹികള്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. പൂരം സുഗമമായി നടത്താന്‍ വേണ്ട ഒരുക്കങ്ങള്‍ ജില്ലാ ഭരണകൂടം പൂര്‍ത്തീകരിച്ചതായും ഇനിയും വേണ്ടതായ സഹായങ്ങള്‍ കൃത്യസമയത്ത് തന്നെയുണ്ടാകുമെന്നും ഒരു പ്രതിസന്ധിയും തൃശൂര്‍ പൂരത്തെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി ദേവസ്വം ഭാരവാഹികള്‍ക്ക് ഉറപ്പ് നല്‍കി.
മദ്യനിരോധന ഉത്തരവില്‍ മാറ്റം
തൃശൂര്‍: തൃശൂര്‍ പൂരത്തിനോട് അനുബന്ധിച്ച മദ്യനിരോധന ഉത്തരവില്‍ മാറ്റം. തൃശൂര്‍ താലൂക്ക് പരിധിയില്‍ ഏര്‍പ്പെടുത്തിയ മദ്യനിരോധനം തൃശൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ എന്നാക്കി ഭേദഗതി ചെയ്തതെന്ന് കലക്ടര്‍ അറിയിച്ചു. ഏപ്രില്‍ 19 പുലര്‍ച്ചെ രണ്ടു മണി മുതല്‍ 20ന് ഉച്ചയ്ക്ക് രണ്ടുവരെ, 36 മണിക്കൂര്‍ ആണ് തൃശൂര്‍ കോര്‍പറേഷന്‍ പരിധിയിലെ മദ്യനിരോധനം. എല്ലാ മദ്യവില്‍പനശാലകളും കള്ള് ഷാപ്പ്, ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍, ബാര്‍ എന്നിവ പൂര്‍ണമായും അടച്ചിടുമെന്ന് കലക്ടര്‍ അറിയിച്ചു.