നാലം​ഗ കുടുംബത്തിന് ഇന്ത്യയിലെ മെട്രോ ന​ഗരത്തിൽ ജീവിക്കുന്നതിന് ചെലവാകുന്ന തുക ഇത്ര- കണക്കെടുത്ത് ഐഐടിക്കാരൻ

ദില്ലി: ഇന്ത്യയിലെ മെട്രോ ന​ഗരത്തിൽ ഒരു നാലം​ഗ കുടുംബത്തിന് ആർഭാടമില്ലാതെ തന്നെ ജീവിക്കണമെങ്കിൽ പ്രതിവർഷം 20 ലക്ഷം രൂപ ചെലവാകുമെന്ന് ഐഐടി ബിരുദധാരിയുടെ ട്വീറ്റിന് സോഷ്യൽമീഡിയയിൽ വലിയ പിന്തുണ. റെസിഡൻഷ്യൽ പ്രോപ്പർട്ടി ചെലവുകൾ, സ്കൂൾ ഫീസ്, സാധനങ്ങളുടെയും സേവനങ്ങളുടെയും വില എന്നിവ ജനങ്ങളുടെ പോക്കറ്റിൽ നിന്ന് വലിയ തുക ചെലവാക്കാൻ കാരണമാണെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഖരഗ്പൂർ പൂർവ വിദ്യാർഥി അഭിപ്രായപ്പെട്ടു. ചെലവിന്റെ പട്ടികയും അദ്ദേഹം തയ്യാറാക്കി.  

അദ്ദേഹത്തിൻ്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. പ്രതേഷ് കക്കാനി എന്ന യുവാവാണ് ചെലവ് കണക്ക് നിരത്തിയത്. വീടുവാടക, യാത്ര, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഇലക്ട്രോണിക്‌സ്, തുടങ്ങി‌‌യവയുടെ ചിലവ് വരെ അദ്ദേഹം തൻ്റെ പോസ്റ്റിൽ വിവരിച്ചു. ഇതിൽ പ്രതിമാസ വാടക  35,000 രൂപ, ഭക്ഷണച്ചെലവിന് 10,000, പെട്രോൾ 5350, ചികിത്സ 8000, വൈദ്യുതി, ഗ്യാസിന് 1000 എന്നിവ അദ്ദേഹം തരംതിരിച്ചു.

ഇന്ത്യയിലെ മെട്രോ നഗരത്തിൽ 4 പേരുള്ള ഇടത്തരം കുടുംബത്തിന് സുഖകരമായ ജീവിതത്തിന് പ്രതിവർഷം 20 ലക്ഷം രൂപയാണ് ചെലവ്. ആഡംബരച്ചെലവുകളൊന്നും ചേർത്തിട്ടില്ലെന്നും അദ്ദേഹം കുറിച്ചു. പലരും അദ്ദേഹത്തിൻ്റെ വീക്ഷണത്തോട് യോജിച്ചപ്പോൾ ചിലർ പ്രതിവർഷം 20 ലക്ഷം രൂപ എന്നത് ആഡംബര ജീവിതം നയിക്കുന്നതിന് തുല്യമാണെന്നും അഭിപ്രായപ്പെട്ടു. കാർ ഇഎംഎ, പെറ്റുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടില്ലെന്നും അഭിപ്രായമുയർന്നു.

ഇന്നത്തെ സമ്പദ്‌വ്യവസ്ഥയിൽ ഒരു കോടി രൂപയ്ക്ക് എന്ത് ലഭിക്കുമെന്ന് ഒരു എക്സ് ഉപയോക്താവ് നേരത്തെ പങ്കുവെച്ചിരുന്നു. മുംബൈയിലോ ഡൽഹിയിലോ ഗുരുഗ്രാമിലോ മാന്യമായ വീട് വാങ്ങാൻ ഒരു കോടി രൂപ മതിയാകില്ലെന്ന് അക്ഷത് ശ്രീവാസ്തവ എന്ന ഉപയോക്താവ് പറഞ്ഞു. നല്ല എംബിഎ പ്രോഗ്രാമിനായി കുട്ടികളെ വിദേശത്തേക്ക് അയയ്ക്കുന്നതിനോ ന്യൂഡൽഹി പോലുള്ള നഗരങ്ങളിലെ ഇൻ്റർനാഷണൽ സ്കൂളുകളിലേക്കോ മാതാപിതാക്കൾക്ക് ഈ തുക പര്യാപ്തമല്ലെന്നും ശ്രീവാസ്തവ പറഞ്ഞു. 

 

By admin