കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാടായിക്കാവിലേക്ക് ക്ഷണിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മോദിയെ മാടായിയിലേക്കും മാടായിക്കാവിലേക്കും ക്ഷണിക്കണമെന്നും ഇവിടത്തെ പ്രസാദത്തിൽ കോഴിക്കറിയുണ്ടെന്ന് അദ്ദേഹത്തിനു കാണിച്ചു കൊടുക്കണമെന്നും യെച്ചൂരി പറഞ്ഞു.
നേരത്തെ ഇന്ത്യാ സഖ്യം നേതാക്കള്‍ക്കെതിരെ മോദി ഉന്നയിച്ച ‘നോണ്‍ വെജ്’ ആരോപണങ്ങളെക്കുറിച്ച് പരാമര്‍ശിച്ചാണ് യെച്ചൂരി ഇക്കാര്യം പറഞ്ഞത്. വൈവിധ്യങ്ങളുടേതാണ് നമ്മുടെ രാജ്യം. ഭാഷ, സംസ്‌കാരം തുടങ്ങിയവയിലെല്ലാം വൈവിധ്യമുണ്ടെങ്കിലും ആത്യന്തികമായി നാമെല്ലാം ഇന്ത്യക്കാരാണെന്നും യെച്ചൂരി പറഞ്ഞു. കണ്ണൂരിലെ പഴയങ്ങാടിയിൽ എൽഡിഎഫ് തെരഞ്ഞെടുപ്പു പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.