രാവിലെ 7 മുതൽ ശക്തമായ മഴയ്ക്ക് സാധ്യത; 120 മി.മീ വരെയുള്ള മഴ പ്രളയത്തിന് കാരണമാവുമെന്നും ഒമാനിൽ മുന്നറിയിപ്പ്

മസ്‍കത്ത്: ഞായറാഴ്ച പെയ്ത അതിശക്തമായ മഴയിൽ കുട്ടികൾ ഉൾപ്പെടെ 12 പേർ മരിച്ച ഒമാനിൽ തിങ്കളാഴ്ചയും ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഒപ്പം ശക്തമായ കാറ്റിനും ആലിപ്പഴ വ‍ർഷത്തിനും സാധ്യതയുണ്ട്. നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ, അൽ ദാഖിലിയ, മസ്‍കത്ത്, സൗത്ത് അൽ ബാത്തിന, അൽ ദാഹിറ  എന്നീ ഗവ‍ർണറേറ്റുകളിൽ പൂർണമായും നോർത്ത് അൽ ബാത്തിന, അൽ ബുറൈമി, മുസന്ദം, അൽ വുസ്ത ഗവർണറേറ്റുകളിലെ ചില ഭാഗങ്ങളിലുമാണ് മഴയും കാറ്റും പ്രതീക്ഷിക്കുന്നത്.

തിങ്കളാഴ്ച രാവിലെ ഏഴ് മണി മുതൽ രാത്രി 10 മണി വരെ പ്രതികൂല കാലാവസ്ഥ നിലനിൽക്കുമെന്ന് രാജ്യത്തെ സിവിൽ ഏവിയേഷൻ അതോറിറ്റിക്ക് കീഴിലുള്ള നാഷണൽ മൾട്ടി ഹസാർഡ് ഏർലി വാണിങ് സെന്റർ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. 30 മില്ലീമീറ്റ‍ മുതൽ 120 മില്ലീമീറ്റർ വരെ മഴ ലഭിച്ചേക്കാൻ സാധ്യതയുള്ളതിനാൽ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും ഇപ്പോഴത്തെ മഴ കാരണമാവും. ഇടിമിന്നലും ആലിപ്പഴ വ‍ർഷവും ഇതോടൊപ്പം ഉണ്ടാവും. 15 മുതൽ 45 നോട്സ് വരെ (28 മുതൽ 83 കിലോമീറ്റ‍ർ വരെ) വേഗത്തിൽ കാറ്റടിക്കാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുകയാണ്. മുസന്ദം ഗവർണറേറ്റിലും ഒമാൻ തീരത്തും കടൽ പ്രക്ഷുബ്ധമായിരിക്കും. ഇവിടങ്ങളിൽ രണ്ട് മുതൽ മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരയടിക്കും.

കനത്ത മഴ കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. വാദികൾ മുറിച്ചുകടക്കാൻ ശ്രമിക്കരുത്. താഴ്ന്ന പ്രദേശങ്ങളിലോ വെള്ളക്കെട്ടുകളിലോ ഇറങ്ങാൻ ശ്രമിക്കരുത്. പ്രതികൂല കാലാവസ്ഥ നിലനിൽക്കുമ്പോൾ ദൂരക്കാഴ്ച പരിധി ഗണ്യമായി കുറയുമെന്നതിനാൽ വാഹനങ്ങൾ ഓടിക്കുന്നവ‍ർ ജാഗ്രത പുല‍ർത്തണം. മസ്‌കറ്റ്, നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ, അൽ ദഖിലിയ, അൽ ദാഹിറ ഗവർണറേറ്റുകളിലെ സ്‌കൂളുകൾക്ക് തിങ്കളാഴ്ച വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാ പൊതു, സ്വകാര്യ, അന്തർദേശീയ സ്‌കൂളുകൾക്കും ഇത് ബാധകമാക്കിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

By admin