ഓവർടേക്ക് ചെയ്യുന്നതിനിടെ കാർ ട്രെക്കിലിടിച്ച് കയറി, കുട്ടികളും സ്ത്രീകളുമടക്കം 7 പേർക്ക് ദാരുണാന്ത്യം
സികാർ: ട്രെക്കിലിടിച്ച് കാറിന് തീ പിടിച്ചു. ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം. രണ്ട് കുട്ടികളും മൂന്ന് സ്ത്രീകളുമടക്കമാണ് ഞായറാഴ്ച രാജസ്ഥാനിലെ സികാറിലുണ്ടായ അപകടത്തിൽ അതി ദാരുണമായി കൊല്ലപ്പെട്ടത്. ഉത്തർ പ്രദേശിലെ മീററ്റ് സ്വദേശികളാണ് അപകടത്തിൽപ്പെട്ടവർ. രാജസ്ഥാനിലെ സാലാസാറിൽ നിന്ന് മടങ്ങി വരുന്നതിനിടയിലാണ് അപകടമുണ്ടായത്. ട്രെക്കിനെ മറികടക്കാനുള്ള ശ്രമത്തിനിടയിലാണ് അപകടമുണ്ടായത്.
എതിർ ദിശയിൽ നിന്ന് മറ്റൊരു വാഹനം വന്നതോടെ നിയന്ത്രണം നഷ്ടമായ കാർ ട്രെക്കിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിലുണ്ടായിരുന്ന ഗ്യാസ് കിറ്റ് പൊട്ടിത്തെറിച്ചതോടെയാണ് കാറിൽ തീ പടർന്നത്. ട്രെക്കിലുണ്ടായിരുന്ന പരുത്തി അഗ്നി പെട്ടന്ന് പടരാനും കാരണമായി. സഹായത്തിന് ആളുകൾ എത്തിയെങ്കിലും കാറിന്റെ ഡോർ ലോക്കായതോടെ യാത്രക്കാർക്ക് പുറത്തിറങ്ങാനായില്ല. തീ പടർന്നതിനാൽ സഹായത്തിനെത്തിയവർക്കും കാറിന് സമീപത്തേക്ക് എത്താനാവാതെ വന്നതോടെ ഏഴുപേർ ജീവനോടെ അഗ്നിക്കിരയാവുകയായിരുന്നു.
55കാരിയായ നീലം ഗോയൽ, ഇവരുടെ മകനും 35കാരനുമായ അശുതോഷ് ഗോയൽ, 58കാരിയായ മഞ്ജു ബിന്ദാൽ ഇവരുടെ മകനും 37കാരനുമായ ഹാർദ്ദിക് ബിന്ദാൽ ഇയാളുടെ ഭാര്യ സ്വാതി ബിന്ദാൽ ഇവരുടെ രണ്ട് പെൺമക്കൾ എന്നിവരാണ് വെന്തുമരിച്ചത്. അതേസമയം ട്രെക്ക് ഡ്രൈവറും സഹായിയും സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. കാറിന്റെ ഉടമ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകളിൽ പേരുമാറ്റാതിരുന്നതാണ് കൊല്ലപ്പെട്ടവരെ തിരിച്ചറിയാൻ സഹായമായത്.