കോഴിക്കോട്: പൊലീസ് കമ്മിഷണറെ കാണാനെത്തിയ മെഡിക്കല്‍ കോളജ് ഐ.സി.യു. പീഡനക്കേസ് അതിജീവിതയെ ഓഫീസ് കവാടത്തില്‍ പൊതുറോഡില്‍ തടഞ്ഞു നിര്‍ത്തി പോലീസ്. രാവിലെ പത്തരയോടെയാണ് അതിജീവിത സമരസമിതി പ്രവര്‍ത്തകരായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നൗഷാദ് തെക്കയില്‍, പി. ഷാരൂണ്‍ എന്നിവര്‍ കമ്മിഷണറെ കാണാനെത്തിയത്. നേരത്തെ കസബ ഇന്‍സ്‌പെക്ടര്‍ രാജേഷ് മാരങ്കലത്തിന്റെ നേതൃത്വത്തില്‍ വലിയ പൊലീസ് സംഘം ഓഫീസ് കവാടത്തില്‍ നിലയുറപ്പിച്ചിരുന്നു. അവര്‍ അതിജീവിതയെയും കൂടെയുള്ളവരെയും തടഞ്ഞു.തന്നെ മാത്രം അകത്തു വിടണമെന്നും വനിത പൊലീസ് നില്‍ക്കുന്നിടത്തോ വിശ്രമ മുറിയിലോ നില്‍ക്കാമെന്ന് അതിജീവിത പറഞ്ഞെങ്കിലും പോലീസ് അനുവദിച്ചില്ല. കമ്മിഷണര്‍ വരുന്നതുവരെ കവാടത്തില്‍ റോഡരികത്തു നില്‍ക്കുകയായിരുന്നു. അതിജീവിത എന്ന പരിഗണന നല്‍കാതെ തന്നെ പൊതുസ്ഥലത്തു പ്രദര്‍ശന വസ്തുവാക്കിയെന്നും അവര്‍ ആരോപിച്ചു. അതുവഴി പോയവരെല്ലാം വാഹനം നിര്‍ത്തിവരെ തന്നെ നോക്കുകയും മൊബൈലില്‍ ഫോട്ടോ എടുക്കുകയും ചെയ്തു. അതൊന്നും പൊലീസ് വിലക്കിയില്ല. ഇതു സംബന്ധിച്ചു മുഖ്യമന്ത്രിക്കു പരാതി നല്‍കിയതായി നൗഷാദ് തെക്കയില്‍ പറഞ്ഞു.അതേസമയം, അതിജീവിതയെ തടഞ്ഞെന്നു പറയുന്നതു ശരിയല്ലെന്നു പോലീസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് മാരങ്കലത്ത് പറഞ്ഞു. കമ്മിഷണര്‍ ഓഫിസിലേക്ക് അവരും കൂടെയുള്ളവരും എത്തിയപ്പോള്‍ ആരാണ്, എന്തിനാണു വന്നത് തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചിട്ടുണ്ട്.കമ്മിഷണറെ കാണാന്‍ മുന്‍കൂട്ടി അനുമതി വാങ്ങിയിട്ടുണ്ടോയെന്നും ചോദിച്ചിരുന്നു. മാത്രമല്ല അവര്‍ വരുമ്പോള്‍ കമ്മിഷണര്‍ ഓഫിസില്‍ ഇല്ലായിരുന്നു. കമ്മിഷണര്‍ എത്തിയശേഷം അവരെ കാണാന്‍ അനുവദിച്ചിട്ടുമുണ്ട്ഇതെല്ലാം കുറഞ്ഞ സമയത്തില്‍ നടന്നതാണ്. എന്നാല്‍, ഡോക്ടര്‍ക്കെതിരെ നല്‍കിയ പരാതിയിലെ അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്ന മെഡിക്കല്‍ കോളജ് ഐസിയു പീഡന സംഭവത്തിലെ അതിജീവിതയുടെ ആവശ്യം സിറ്റി പൊലീസ് കമ്മിഷണര്‍ രാജ്പാല്‍ മീണ നിരാകരിച്ചു. റിപ്പോര്‍ട്ട് 2 ദിവസത്തിനകം ലഭിച്ചില്ലെങ്കില്‍ സമരം ആരംഭിക്കുമെന്ന് അതിജീവിത പറഞ്ഞു. തന്റെ മൊഴി രേഖപ്പെടുത്തിയ ഡോ. കെ.വി. പ്രീതിക്കെതിരെയാണ് അതിജിവീത പരാതി നല്‍കിയത്. താന്‍ പറഞ്ഞ കാര്യങ്ങള്‍ അല്ല ഡോക്ടര്‍ രേഖപ്പെടുത്തിയത് എന്നായിരുന്നു പരാതി. അതിന്മേല്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടാണ് അതിജീവിത ആവശ്യപ്പെട്ടത്. വിവരാവകാശ കമ്മിഷന്‍ ചെയര്‍മാന് അപ്പീല്‍ നല്‍കിയാല്‍ റിപ്പോര്‍ട്ട് ലഭിക്കുമെന്നാണു കമ്മിഷണര്‍ പറഞ്ഞതെന്ന് അതിജീവിത പറഞ്ഞു. രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് ലഭിച്ചില്ലെങ്കില്‍ സിറ്റി പോലീസ് കമ്മിഷണര്‍ ഓഫിസിനു മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും അതിജീവിത പറഞ്ഞു. 

By admin

Leave a Reply

Your email address will not be published. Required fields are marked *