അങ്ങനെയൊരു തടാകക്കരയില്‍,  അന്നൊരിക്കല്‍,  സന്ധ്യ ഇ എഴുതിയ കവിത

അങ്ങനെയൊരു തടാകക്കരയില്‍, അന്നൊരിക്കല്‍, സന്ധ്യ ഇ എഴുതിയ കവിത

ഈ ജന്മത്തില്‍ നമ്മള്‍ ഇവിടെ വരാനുള്ള സാധ്യതയില്ല 
ജീവിതം 
എന്നെ നിന്നില്‍ നിന്നും ഒരു വയസ്സിപ്പട്ടിയെപ്പോലെ പുറത്താക്കിക്കഴിഞ്ഞു

-സന്ധ്യ ഇ എഴുതിയ കവിത

അങ്ങനെയൊരു തടാകക്കരയില്‍,  അന്നൊരിക്കല്‍,  സന്ധ്യ ഇ എഴുതിയ കവിത

Also Read: എട്ടാമ്പലുകള്‍ ഒരു കുളം നിര്‍മ്മിയ്ക്കുവാന്‍ പോകും വിധം, ബൈജു മണിയങ്കാല എഴുതിയ കവിതകള്‍

…………………………..

 

അങ്ങനെയൊരു തടാകക്കരയില്‍, 
അന്നൊരിക്കല്‍

ഞാന്‍ കാണുന്ന നേരത്ത് 
തടാകത്തിനും ആകാശത്തിനും
കടും നീലയും ഇളം നീലയും. 
ഒരുവേള രണ്ടുമൊന്നു തന്നെയെന്നു തോന്നി. 
വിഷാദം കുടിച്ചു കുടിച്ചു മരിക്കാറായിരുന്ന നാളുകളിലൊന്നില്‍ 
നീ സമ്മാനിച്ച 
നീലക്കല്ലുമാലയെക്കുറിച്ച് 
ഞാനോര്‍ത്തു.

ഇത് എന്റെയൊരു  സ്വപ്നമായിരുന്നു 
പലതവണ നിന്നോട് പങ്കുവെക്കണമെന്ന് ഓര്‍ത്തിട്ടും 
വേണ്ട എന്ന് മാറ്റിവെച്ചത് 
ഒരു ദിവസം നമ്മുടെ വീടിന്റെ ഉമ്മറത്തെത്തി 
കുശലം ചോദിക്കുന്ന 
മേഘത്തിനു മുകളിലേറി 
നാമിരുവര്‍ ഇവിടെ വന്നിറങ്ങുമ്പോള്‍ മാത്രം 
നിന്നെ അത്ഭുതപ്പെടുത്താനായി 
ഞാനത് കരുതി വെച്ചിരുന്നു. 

 

…………………………..

Also Read: ഭൂപടം, നിഷ നാരായണന്‍ എഴുതിയ കവിതകള്‍

Also Read: മൃഗപൗരാവലി, ഷീജ വക്കം എഴുതിയ കവിതകള്‍

…………………………..

 

നാം!
നമ്മള്‍ ഒന്നിച്ചുള്ള യാത്ര!
തടാകക്കാഴ്ചയുടെ സായാഹ്നം! 
എന്റെ മുഖത്തു വീഴുന്ന മുടിയിഴകളെ മാടിവയ്ക്കുന്ന 
നിന്റെ കരുതല്‍ക്കയ്യ്! 
കിതപ്പുമാറ്റി  ഊതിക്കുടിക്കുന്ന 
കവയെന്ന കാശ്മീരിച്ചായ 
രാത്രി, താമസിക്കുന്നിടത്തെ ചില്ലുജാലകത്തിലൂടെ കാണുന്ന 
അസംഖ്യം നക്ഷത്രങ്ങള്‍ 
ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കെന്നപോലെ 
കൊളുത്തിവെയ്ക്കുന്ന പ്രതീക്ഷകള്‍, മോഹങ്ങള്‍.

നീയില്ല.
 
ഈ ഏകാന്തതയില്‍ 
അനന്തവിസ്തൃതമായ ആകാശത്തിനും തടാകത്തിനുമിടയില്‍ 
വല്ലാത്തൊരു വ്യഥ കൊളുത്തി വലിക്കുന്ന ഹൃദയവുമായി 
നിന്റെ ഓര്‍മ്മകള്‍ പറത്തി വിടാന്‍ വൃഥാ ശ്രമിച്ച്…
 
ഈ ജന്മത്തില്‍ നമ്മള്‍ ഇവിടെ വരാനുള്ള സാധ്യതയില്ല 
ജീവിതം 
എന്നെ നിന്നില്‍ നിന്നും ഒരു വയസ്സിപ്പട്ടിയെപ്പോലെ പുറത്താക്കിക്കഴിഞ്ഞു 
വല്ലപ്പോഴും കിട്ടുന്ന ബിസ്‌ക്കറ്റ് തുണ്ടുകളില്‍ 
ആശയര്‍പ്പിച്ചു നില്‍ക്കുന്നവര്‍ക്ക് 
ദാഹം തീര്‍ക്കാനേ നല്ലൂ ഈ കാനല്‍ ജലം. 

തടാകമേ, ഇനി നീ ഒരിക്കലും എന്റെ സ്വപ്നത്തില്‍ കടന്നുവരല്ലേ.

 

മലയാളത്തിലെ മികച്ച കവിതകള്‍, കവിതകള്‍, വിവര്‍ത്തനങ്ങള്‍ വായിക്കാം

By admin