തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ വിവരങ്ങൾ പുറത്തുനല്കിയ ഓഫീസർക്കെതിരെ വിവരാവകാശ കമ്മീഷൻറെ നടപടി. തിരുവനന്തപുരം കോർപ്പറേഷനിലെ ജീവനക്കാരുടെ പേര്, വീട്ട് വിലാസം, സ്വന്തം ഫോൺ നമ്പർ, സ്വത്ത് വിവരങ്ങൾ, സേവന കാലഘട്ടം, സർവ്വീസ് ബുക്കിലെ രേഖപ്പെടുത്തലുകൾ തുടങ്ങിയ വിവരങ്ങളാണ് വിവരാവകാശ രേഖയായി പുറത്തു നല്കിയത്. സെക്രട്ടറിയായിരുന്ന ബിനു ഫ്രാൻസിസ് ഐ.എ.എസ് ഉൾപ്പെടെയുള്ള നിരവധി ഓഫീസർമാരുടെ കുടുംബ വിവരങ്ങളും ഇങ്ങനെ നല്കപ്പെട്ടു.
ഇത് പൂർണമല്ലെന്നും ഉദ്യോഗസ്ഥരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടെത്തിയ രണ്ടാം അപ്പീൽ വിവരാവകാശ കമ്മിഷൻ തള്ളി. വിവരാവകാശ നിയമം സെക്‌ഷൻ 8 (1) ജെ പ്രകാരം തക്കതായ കാരണങ്ങളില്ലാതെ ഉദ്യോഗസ്ഥരുടെ വ്യക്തിവിവരങ്ങൾ പരസ്യപ്പെടുത്താൻ പാടില്ലാത്തതാണെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ എ. അബ്ദുൽ ഹക്കിം ഉത്തരവായി.
അതിനു വിരുദ്ധമായി പ്രവർത്തിച്ച ഓഫീസർ നിരവധി ജീവനക്കാരുടെ വ്യക്തി സുരക്ഷക്ക് ഭീഷണിയാകും വിധം നിലപാടെടുത്തതിനാൽ കുറ്റക്കാരനാണെന്നും ഉത്തരവിൽ പറയുന്നു.
തിരുവനന്തപുരം കോർപ്പറേഷനിലെ ഇൻഫർമേഷൻ ഓഫീസർ, അപ്പീൽ അധികാരി എന്നിവരോട് കമ്മിഷൻ വിശദീകരണം തേടിയിരിക്കുകയാണ്. മറുപടി തൃപ്തികരമല്ലെങ്കിൽ കർശനവും മാതൃകാപരവുമായ ശിക്ഷാനടപടിയുണ്ടാകുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed