വാഷിംഗ്ടൺ: ഇറാന്റെ ആക്രമണമുണ്ടായാൽ നേരിടാൻ സുസജ്ജമാണെന്നു ഇസ്രയേൽ. അമേരിക്ക ഇസ്രയേലിന് പിന്തുണ ആവർത്തിച്ചുറപ്പിക്കയും ചെയ്യുന്നു.
യുഎസ് സെൻട്രൽ കമാൻഡുമായി (സെന്റ്‌കോം) അടുത്ത സഹകരണത്തോടെ തയാറെടുപ്പ് നടത്തിയെന്നു ഇസ്രയേലി പ്രതിരോധ സേന (ഐ ഡി എഫ്) മേധാവി ഹെർസി ഹാലെവി വെള്ളിയാഴ്ച പറഞ്ഞു. സിറിയൻ തലസ്ഥാനമായ ദമാസ്കസിൽ ഇറാന്റെ എംബസി തകർത്തു ഉന്നത സൈനിക നേതാക്കളെ ഇസ്രയേൽ വധിച്ച ശേഷം പ്രതികാരം ചെയ്യുമെന്ന് ഇറാൻ ആവർത്തിച്ചു പറഞ്ഞതാണ് ആക്രമണം ഉണ്ടാവുമെന്ന സാധ്യത ഉയർത്തിയത്.
സംയമനം പാലിക്കാൻ ഇറാന്റെ മേൽ സമമർദം ചെലുത്തണമെന്നു യുഎസ് ഉദ്യോഗസ്ഥർ പല രാജ്യങ്ങളോടും അഭ്യർഥിച്ചിട്ടുമുണ്ട്. സംഘർഷം തണുപ്പിക്കാനാണ് യുഎസ് ആഗ്രഹിക്കുന്നതെങ്കിലും ആക്രമണം ഉണ്ടായാൽ ഇസ്രയേലിനു ഉറച്ച പിന്തുണ നൽകുമെന്നു ബൈഡൻ ഭരണകൂടം വ്യക്തമാക്കി. “ഇസ്രയേലിന്റെ പ്രതിരോധം ഞങ്ങളുടെ കടമയാണ്,” പ്രസിഡന്റ് ജോ ബൈഡൻ വെള്ളിയാഴ്ച പറഞ്ഞു. “ഞങ്ങൾ ഇസ്രയേലിനെ പിന്തുണയ്ക്കും, പ്രതിരോധിക്കും. ഇറാൻ വിജയിക്കില്ല.”
സെന്റ്‌കോം കമാൻഡർ ജനറൽ മൈക്കൽ എറിക് കുറില്ല ടെൽ അവീവിൽ ഹാലെവിയും മറ്റു സൈനിക നേതാക്കളുമായി ചർച്ച നടത്തുന്ന ദൃശ്യങ്ങൾ യുഎസ് സൈന്യം പുറത്തു വിട്ടിട്ടുണ്ട്. ഇറാഖും അഫ്ഘാനിസ്ഥാനും കേന്ദ്രീകരിച്ചു നിന്നിരുന്ന സെന്റ്‌കോം മിഡിൽ ഈസ്റ്റിൽ ഏതു സാചര്യവും നേരിടാൻ സദാ സജ്ജമാണ്.
ഐ ഡി എഫ് എന്തും നേരിടാനുള്ള തയാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്നു ഹാലെവി പറയുന്നു. സൈന്യത്തിന് ഉയർന്ന ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.