സ്പീഡ് ബ്രേക്കറിൽ ഇടിച്ച് ബൈക്ക് മറിഞ്ഞു, പിന്നാലെ വന്ന കാർ പാഞ്ഞുകയറി, യുവാവിനും സഹോദരിമാർക്കും ദാരുണാന്ത്യം
ദില്ലി: ദില്ലി ഗ്രേറ്റർ നോയിഡയിൽ അമിത വേഗതയിലെത്തിയ കാർ ബൈക്കിൽ ഇടിച്ച് കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ബൈക്കിലുണ്ടായിരുന്ന മറ്റൊരു സ്ത്രീക്കും ഗുരുതരമായി പരിക്കേറ്റു. ഗ്രേറ്റർ നോയിഡയിലെ പാരി ചൗക്കിന് സമീപം അർധരാത്രിക്ക് ശേഷമായിരുന്നു സംഭവം. സഹോദരിമാർക്കൊപ്പം വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു സുരേന്ദ്ര എന്ന യുവാവിന്റെ ബൈക്കാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. നാല് പേരാണ് ബൈക്കിൽ സഞ്ചരിച്ചിരുന്നത്. പാരി ചൗക്കിന് സമീപം സ്പീഡ് ബ്രേക്കറിൽ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മറിയുകയായിരുന്നു. ഇതിനിടയിൽ അമിതവേഗതയിൽ വന്ന കാർ മോട്ടോർ ബൈക്കിൽ ഇടിച്ചു.
ആശുപത്രിയിൽവെച്ചാണ് മൂന്ന് പേരും മരിച്ചത്. നോയിഡയിലെ കുലേസരയിൽ നിന്ന് 17 കിലോമീറ്റർ അകലെയുള്ള കസ്‌നയിൽ നിന്നാണ് ഇവർ മടങ്ങിയതെന്ന് പൊലീസ് പറഞ്ഞു. അമിത വേഗതയിലെത്തിയ കാർ മോട്ടോർ സൈക്കിളിൽ ഇടിച്ച ശേഷം പരിക്കേറ്റവരുടെ മുകളിലൂടെ പാഞ്ഞുകയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബൈക്കിൽ ഇടിച്ച വാഹനം തിരിച്ചറിയാൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല, വാഹനം കണ്ടെത്തുന്നതിനായി നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.