‘ശരിക്കും നോൺവെജ് തന്നെ’; വന്ദേഭാരത് എക്സ്പ്രസിലെ മുട്ടക്കറിയിൽ ചത്ത പാറ്റ, കണ്‍സ്യൂമര്‍ കോടതിയില്‍ പരാതി

കൊച്ചി: വന്ദേഭാരത് എക്‌സ്പ്രസിലെ പ്രഭാത ഭക്ഷണത്തില്‍ നിന്നും പാറ്റയെ ലഭിച്ചതായി പരാതി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ തിരുവനന്തപുരത്ത് നിന്നും കാസര്‍കോടേക്ക് പുറപ്പെട്ട ട്രെയിനിലെ ഭക്ഷണത്തില്‍ നിന്നാണ് യാത്രക്കാരന് പാറ്റയെ ലഭിച്ചത്. എറണാകുളത്ത് നിന്നും ട്രെയിന്‍ കയറിയ യാത്രക്കാരനാണ് ദുരനുഭവം ഉണ്ടായത്. പ്രഭാത ഭക്ഷണത്തോടൊപ്പം വാങ്ങിയ മുട്ടക്കറിയില്‍ നിന്നാണ് പാറ്റയെ ലഭിച്ചത്. 

കോഴിക്കോട് സ്വദേശിയായ മുരളി മേനോനാണ് ദുരനുഭവമുണ്ടായത്. ഭക്ഷണം കഴിക്കാനായി പായ്ക്കറ്റ് തുറന്നപ്പോഴാണ് മുട്ടക്കറിയിൽ ചത്ത പാറ്റയെ കണ്ടെത്തിയത്. ഉടന്‍ തന്നെ സംഭവം കാറ്ററിംഗ് വിഭാഗത്തെ അറിയിച്ചു. പരാതിപ്പെട്ടതോടെ കാറ്ററിംഗ് ജീവനക്കാരന്‍ ക്ഷമ ചോദിച്ച് തടിയൂരി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് യാത്രക്കാരൻ വന്ദേഭാരത് ട്രെയിനിൽ താൻ നേരിട്ട ദുരനുഭവം പങ്കുവെച്ചത്.

‘വന്ദേഭാരതിലെ നോണ്‍ വെജ് പ്രഭാതഭക്ഷണമാണിത്. അക്ഷരാര്‍ത്ഥത്തില്‍ അത് നോണ്‍വെജ് ആയിരുന്നു’. മട്ടക്കറിയിൽ പാറ്റ കിടക്കുന്ന ചിത്രം അടക്കം മുരളി മേനോൻ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പിൽ പരിഹസിച്ചു. സംഭവത്തെക്കുറിച്ച് കണ്‍സ്യൂമര്‍ കോടതിയില്‍ പരാതി നല്‍കാനാണ് യാത്രക്കാരന്റെ തീരുമാനം. 

വന്ദേഭാരത് ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണങ്ങള്‍ക്കെതിരെ നേരത്തെയും പരാതി ഉയര്‍ന്നിരുന്നു. കഴിഞ്ഞ വർഷം മധ്യപ്രദേശിലും വന്ദേബാരത് ട്രെയിനിൽ നിന്നും ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയിരുന്നു.മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്ന് ഗ്വാളിയോറിലേക്കുള്ള ട്രെയിനിലായിരുന്നു സംഭവം.വന്ദേഭാരതില്‍ വിതരണം ചെയ്ത റൊട്ടിയിൽ നിന്നാണ് പാറ്റയെ കിട്ടിയത്. സെന്‍ട്രല്‍ റെയില്‍വെ മന്ത്രാലയം, ഐആര്‍സിടിസി എന്നിവരെ ടാഗ് ചെയ്ത് യാത്രക്കാരന്‍ ട്വീറ്റ് ചെയ്തതോടെയാണ് പുറത്തറിഞ്ഞത്. തുടര്‍ന്ന് ക്ഷമാപണവുമായി ഐആര്‍സിടിസി രംഗത്തെത്തിയിരുന്നു.

Read More : യുഎസിൽ ഭാര്യയെ കൊന്ന് ഒളിവില്‍ പോയ ഇന്ത്യക്കാരനെ കണ്ടെത്തുന്നവർക്ക് 2.1 കോടി രൂപ; റിവാർഡ് പ്രഖ്യാപിച്ച് എഫ്ബിഐ

By admin