കൊച്ചി: ചര്‍ച്ചകള്‍ക്കൊടുവില്‍ പിവിആര്‍ തര്‍ക്കത്തിന് പരിഹാരമായി. ഓണ്‍ലൈന്‍ യോഗത്തിലാണ് തര്‍ക്കം പരിഹരിച്ചത്. ഇന്ത്യയിലെ മുഴുവന്‍ സ്‌ക്രീനുകളിലും മലയാളം സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനമായതായി ഫെഫ്ക അറിയിച്ചു. ഫെഫ്കയുടെ വികാരം പിവിആര്‍ ഉള്‍ക്കൊണ്ടുവെന്ന് ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു. കൊച്ചി ഫോറം മാള്‍, കോഴിക്കോട് പിവി ആര്‍ തിയേറ്ററുകളില്‍ തീരുമാനം പിന്നീടുണ്ടാകും.
ഇന്ത്യയിലെ മുഴുവന്‍ സ്‌ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആര്‍ ഏപ്രില്‍ 11ന് ബഹിഷ്‌കരിച്ചത്. ഡിജിറ്റല്‍ കണ്ടന്റ് പ്രൊജക്ഷനെ തുടര്‍ന്നുള്ള തര്‍ക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11ന് റിലീസ് ചെയ്ത മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയിരുന്നു.
നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന മലയാള സിനിമകളുടെ ഡിജിറ്റല്‍ കണ്ടന്റ് മാസ്റ്ററിങ് ചെയ്ത് തിയേറ്ററുകളില്‍ എത്തിച്ചിരുന്നത് യുഎഫ്ഒ, ക്യൂബ് തുടങ്ങിയ കമ്പനികളായിരുന്നു. എന്നാല്‍ ഇത്തരം കമ്പനികള്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിര്‍മ്മാതാക്കളുടെ സംഘടന പ്രൊഡ്യൂസേഴ്‌സ് ഡിജിറ്റല്‍ കണ്ടന്റ് എന്ന സംവിധാനം വഴി സ്വന്തമായി മാസ്റ്ററിങ് യൂണിറ്റ് ആരംഭിച്ചിരുന്നു. പുതിയതായി നിര്‍മിക്കുന്ന തിയേറ്ററുകളില്‍ ഈ സംവിധാനം ഉപയോഗിക്കണമെന്നും നിര്‍മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു.
പിവിആര്‍ അടക്കമുള്ള മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകള്‍ ഇന്ത്യ മുഴുവന്‍ ആശ്രയിക്കുന്നത് ക്യൂബ്, യുഎഫ്ഒ തുടങ്ങിയ ഡിജിറ്റല്‍ സര്‍വീസ് പ്രൊവൈഡര്‍മാരെയാണ്. ഫോറം മാളില്‍ പിവിആര്‍ തുടങ്ങിയ പുതിയ തിയേറ്ററുകളിലും ഈ സംവിധാനം കൊണ്ടുവരാന്‍ സംഘടന ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തര്‍ക്കം ഉടലെടുത്തത്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *