തച്ചനാട്ടുകര: മേടപ്പുലരിയിൽ വിഷുവിനെ വരവേൽക്കാനൊരുങ്ങി പൂത്തുലഞ്ഞു നിൽക്കുകയാണ് കണിക്കൊന്ന. ജില്ലയുടെ വിവിധ ഗ്രാമീണ മേഖലകളിൽ മഞ്ഞയിൽ കുളിച്ചു കണിക്കൊന്നകൾ പൂവിട്ടു നിൽക്കുന്നത് നയനാന്ദകരമായ കാഴ്ച്ചയാണ്. ചുട്ടു പൊള്ളുന്ന വെയിലിലും സ്വർണ്ണം നിറം പൂകിനിൽക്കുന്ന കൊന്നകൾ കണ്ണിനു കുളിർമയേകുന്ന കാഴ്ചയാണ്.
ചൂട് കഠിനയതോടെ നേരത്തെ തന്നെ മിക്ക കൊന്നകളും പൂവിട്ടുതുടങ്ങി. ആടിയുലഞ്ഞു നിൽക്കുന്ന കൊന്നപ്പൂവിന് ചുറ്റും പൂമ്പാറ്റകളും, ചെറുവണ്ടുകളും പാറി നടക്കുന്നതും കാണാം. കുംഭമാസ കാറ്റിൽ ഞെട്ടിയറ്റ് വീണ കൊന്നപ്പൂക്കൾ മരത്തിന് ചുറ്റും മഞ്ഞ പരവത്താനി വിരിച്ചതും കാണാം. നിലാകാശവും,ആടിയുലയുന്ന കൊന്നപ്പൂവും അതൊരു മനോഹര കാഴ്ചത്തന്നെയാണ്..
ക്ഷേത്രപൂജാരി അമ്പലം അടച്ച് പോയപ്പോൾ ചെറിയ കുട്ടി ചുറ്റുമതിലിനകത്ത് പെട്ടുപോകുന്നു. ഇതോടെ ഭീതിയും സങ്കടവും നിറഞ്ഞ കുട്ടിയെ സന്തോഷിപ്പിക്കാന്‍ സാക്ഷാല്‍ ശ്രീകൃഷ്ണൻ പ്രത്യക്ഷപ്പെടുകയും തന്റെ അരഞ്ഞാണം കുട്ടിക്ക് കളിക്കാന്‍ കൊടുക്കുകയും ചെയ്യുന്നു.
പൂജാരി വന്ന് വീണ്ടും ക്ഷേത്രം തുറന്നപ്പോള്‍ ശ്രീകോവിലിനകത്തെ ദേവാഭരണം കുട്ടിയുടെ കൈയ്യില്‍ കണ്ട് ക്ഷോഭിച്ചു. ഇത് കേട്ട് കരഞ്ഞുകൊണ്ട് കുട്ടി അരഞ്ഞാണം വലിച്ചെറിയുന്നു. അരഞ്ഞാണം ചെന്ന് തങ്ങിയത് തൊട്ടടുത്തുള്ള കൊന്ന മരത്തിലാണ്. ഇതോടെ കുലകുലയായി പൂക്കളുടെ രൂപത്തില്‍ അരഞ്ഞാണം മരം മുഴുവന്‍ തൂങ്ങിക്കിടന്നെന്നാണ് കണിക്കൊന്നയുടെ ഐതിഹ്യം.
കൊന്നപ്പൂവ് പറിക്കാനായി ശനിയാഴ്ച വൈകിട്ട് തന്നെ കുട്ടികളും എത്താറുണ്ട്. കൊന്നപ്പൂവ് വിഷുവിനെ അവിഭാജ്യ ഘടകം ആയതിനാൽ കൊന്നപ്പൂ കിട്ടാത്തവർക്ക് മാർക്കറ്റുകളിലും ഇവ ശനിയാഴ്ച മുതൽ ലഭ്യമായി തുടങ്ങും. നല്ല വില കൊടുത്താണ് ആളുകൾ കൊന്നപ്പൂവ് കൊണ്ടുപോകുന്നത്.
കാലങ്ങളായി കൊന്നപ്പൂക്കൾ മലയാളികളുടെ മനസ്സിലും  വിശ്വാസത്തിലും കടന്നുകയറിയിട്ടുണ്ടെങ്കിലും പുതിയൊരു കൊന്നപ്പൂച്ചെടി വെച്ചുപിടിപ്പിക്കാൻ യുവാക്കൾ ഇന്ന് തയ്യാറാകുന്നില്ല എന്നത് വളരെ ഖേദകരമാണെന്ന് മുതിർന്ന ആളുകൾ പറയുന്നു.
പാതയോരങ്ങളിലെ കണിക്കൊന്നകൾ പൂവിട്ടു നിൽക്കുന്ന കാഴ്ച്ചകൾ എന്നും വ്യത്യസ്തതകൾ സമ്മാനിക്കുന്നു. അതേസമയം കണിയൊരുക്കാൻ പ്ലാസ്റ്റിക്ക് കണിക്കൊന്നപ്പൂക്കളും വിപണിയിൽ ലഭ്യമാണ്. 
റിപ്പോര്‍ട്ട്: ശ്രീലത കെ. ചെത്തല്ലൂർ

By admin

Leave a Reply

Your email address will not be published. Required fields are marked *