ഡൽഹി: ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇറാനിലേക്കും ഇസ്രായേലിലേക്കും യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇസ്രയേലിനെതിരെ ഇറാൻ നേരിട്ട് ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് അറിയിപ്പ്.
നിലവിൽ ഇറാനിലോ ഇസ്രായേലിലോ താമസിക്കുന്ന ഇന്ത്യക്കാരോട് അവിടെയുള്ള ഇന്ത്യൻ എംബസികളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യാനും മന്ത്രാലയം ആവശ്യപ്പെട്ടു.
“അവരുടെ സുരക്ഷയെക്കുറിച്ചുള്ള പരമാവധി മുൻകരുതലുകൾ നിരീക്ഷിക്കാനും അവരുടെ ചലനങ്ങൾ പരമാവധി പരിമിതപ്പെടുത്താനും അഭ്യർത്ഥിക്കുന്നു,” മന്ത്രാലയം കൂട്ടിച്ചേർത്തു.
ഇസ്രായേലിലെ ഇന്ത്യൻ എംബസി രാജ്യത്തെ ഇന്ത്യൻ പൗരന്മാരോട് “അനാവശ്യ യാത്രകൾ ഒഴിവാക്കാനും ശാന്തത പാലിക്കാനും പ്രാദേശിക അധികാരികൾ നൽകുന്ന സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനും” ആവശ്യപ്പെട്ടു.