എറണാകുളം : മൾട്ടിപ്ലക്സ് തിയറ്റർ ശൃംഖലയായ പിവിആർ ഐനോക്സിന്റെ തിയറ്ററുകളിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന നടപടിയിൽ നിന്നും പിന്മാറിയതായും ഇന്ത്യയിലെ മുഴുവൻ സ്‌ക്രീനിലും മലയാള സിനിമ പ്രദർശിപ്പിക്കുമെന്നും പിവിആർ അറിയിച്ചതായി ഫെഫ്ക വാർത്താസമ്മേളനത്തിലൂടെ വ്യക്തമാക്കി. ഇതേത്തുടർന്ന് ഫെഫ്ക പ്രത്യക്ഷ സമരത്തിൽ നിന്നു പിന്മാറി. ഓൺലൈൻ ആയി നടന്ന യോഗത്തിലാണ് തർക്കം പരിഹരിച്ചത്. ഇതിനു പിന്നാലെ ഇന്ത്യയിലെ എല്ലാ പിവിആർ സ്ക്രീനുകളിലും മലയാള സിനിമകളുടെ പ്രദർശനം വൈകിട്ടോടെ തുടങ്ങി.
തര്‍ക്കം അവസാനിപ്പിക്കാൻ നേതൃത്വം നൽകിയ ലുലു ഗ്രൂപ്പ് ചെയര്‍മാനും വ്യവസായിയുമായ എം എ യൂസഫലിക്ക് നന്ദിയറിക്കുന്നതായും അദ്ദേഹത്തിന്റെ പെട്ടെന്ന് ഉണ്ടായ ഇടപെടൽ ഇപ്പോൾ പുറത്തിറങ്ങിയ ചിത്രങ്ങൾക്ക് നൽകുന്നത് വലിയ ആശ്വാസമാണെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
പിവിആര്‍ ഗ്രൂപ്പിന്റെ മിക്ക തിയേറ്ററുകളും ലുലു മാളില്‍ ആയതിനാല്‍ വിഷയത്തില്‍ ഇടപെടണം എന്ന് ഫെഫ്ക യൂസഫലിയോട് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനോടും ഫെഫ്ക വിഷയം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യൂസഫലിയുടെ ഇടപെടൽ. തിയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറിയ മലയാളം ചിത്രങ്ങളായ മഞ്ഞുമ്മല്‍ ബോയ്‌സ്, ആടുജീവിതം, ആവേശം, വര്‍ഷങ്ങള്‍ക്ക് ശേഷം എന്നീ ചിത്രങ്ങള്‍ അടക്കമുള്ളവ പിവിആര്‍ ബഹിഷ്‌കരിച്ചിരുന്നു. ഇതിനെതിരെ ഫെഫ്ക രംഗത്തെത്തുകയും ചെയ്തിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *