സുഡാൻ : ആഫ്രിക്കൻ രാജ്യമായ  സുഡാനിലെ ജനങ്ങൾ ഇപ്പോൾ ലോകത്തെ ഏറ്റവും മോശമായ പട്ടിണി പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഒരുവർഷം മുൻപ് രാജ്യത്തെ സൈന്യവും അർധസൈനിക വിഭാഗവും തമ്മിൽ ആരംഭിച്ച ആഭ്യന്തര യുദ്ധമാണ് സുഡാനെ കടുത്ത ക്ഷാമത്തിലേക്ക് തള്ളിവിട്ടത്. വീടുകൾവിട്ട് ക്യാമ്പുകളിലേക്ക് മാറാൻ നിർബന്ധിതരായ ദശലക്ഷക്കണക്കിന് മനുഷ്യർ ഇപ്പോൾ കടുത്ത പോഷകാഹാരക്കുറവും പകർച്ചവ്യാധികളും കൊണ്ട് ദുരിതമനുഭവിക്കുകയാണ്.
പോഷകാഹാരക്കുറവും പകർച്ചവ്യാധികളും കൊണ്ട് ഏറ്റവും ദുരിതം അനുഭവിക്കുന്നത്  കുട്ടികളാണ്. സുഡാനിലെ വടക്കൻ ഡർഫറിലെ സംസം ക്യാമ്പിൽ മെഡിസിൻസ് വിതൗട്ട് ബോർഡേഴ്സ് (എംഎസ്എഫ്) എന്ന അന്താരാഷ്ട്ര സംഘടന നടത്തിയ അന്വേഷണത്തിൽ ഓരോ രണ്ടുമണിക്കൂറിലും ഒരു കുട്ടിയെങ്കിലും മരിക്കുന്നതായി കണ്ടെത്തിയിരുന്നു.
 ഭക്ഷണ ദൗർലഭ്യം, വൃത്തിഹീനമായ വെള്ളം, അപര്യാപ്തമായ വൈദ്യസഹായം എന്നിവയാണ് മരണനിരക്ക് വർധിപ്പിക്കുന്നത്. ആഭ്യന്തര സംഘർഷം രണ്ടാം വർഷത്തിലേക്ക് കടന്ന സുഡാനിൽ നിലവിൽ മാനുഷിക സഹായങ്ങൾക്കായി പ്രവർത്തിക്കുന്ന ഏക അന്താരാഷ്ട്ര സംഘടനയാണ് എം എസ് എഫ്.

By admin

Leave a Reply

Your email address will not be published. Required fields are marked *