ആലപ്പുഴ: ഐഎൻടിയുസി നേതാവായിരുന്ന സത്യൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോൺഗ്രസ്‌ നിയമ നടപടി തുടങ്ങി. കേസ് പുനരന്വേഷിക്കണം എന്നാവശ്യപെട്ട് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി.
സിപിഎം നേരിട്ട് നടത്തിയ കൊലപാതകം എന്ന നേതാവിൻ്റെ വെളിപ്പെടുത്തലിലാണ് പരാതി. മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി ബാബുവാണ് വെളിപ്പെടുത്തൽ നടത്തിയത്.  സിപിഎം സംസ്ഥാന സെക്രട്ടറിക്ക് അയച്ച കത്തിലാണ് വിവാദ പരാമർശം.
ആലപ്പുഴ ഡിസിസി അധ്യക്ഷൻ ബാബു പ്രസാദാണ് ഡിജിപിക്ക് പരാതി നൽകിയത്. ബിപിൻ സി ബാബുവിൻ്റെ വിശദമായ മൊഴി എടുക്കണം എന്നാണ് ആവശ്യം.
2001 ലാണ് മുൻ ആർഎസ്എസ് പ്രവർത്തകനും ഐഎൻടിയുസി നേതാവുമായ സത്യൻ കായംകുളം കരിയിലക്കുളങ്ങരയിൽ കൊല്ലപ്പെട്ടത്. കേസിലെ 7 പ്രതികളെയും തെളിവില്ലാത്തതിനാൽ 2006ൽ കോടതി വെറുതെ വിട്ടിരുന്നു.
എന്നാൽ സിപിഎം ആസൂത്രണം ചെയ്ത്  നടത്തിയ കൊലപാതകമാണിതെന്നാണ് മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറും സിപിഎം കായംകുളം മുൻ ഏരിയാ സെൻറർ അംഗവുമാണ് ബിപിൻ സി ബാബുവിൻറെ വെളിപ്പെടുത്തൽ. സത്യൻ കൊലക്കേസിൽ ആറാം പ്രതിയായിരുന്നു ബിബിൻ.
അവിഹിത ബന്ധം ചോദ്യം ചെയ്ത ഭാര്യയെ നടുറോഡിൽ മർദ്ദിച്ച സംഭവത്തിൽ കഴിഞ്ഞ വർഷം സിപിഎം പാർട്ടിയിൽ നിന്ന് ബിപിൻ സി ബാബുവിനെ സസ്പെൻ്റ് ചെയ്തിരുന്നു. അടുത്ത കാലത്ത് പാർട്ടിയിലേക്ക് തിരിച്ചെടുത്തെങ്കിലും ബ്രാഞ്ച് കമ്മിറ്റിയിലാണ് ഉൾപ്പെടുത്തിയത്.
 ഇതിൽ പ്രതിഷേധിച്ച് ജില്ലാ പഞ്ചായത്ത് അംഗം എന്ന പദവി രാജിവെക്കുന്നതായി കാണിച്ച് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് അയച്ച കത്തിലാണ് സത്യൻറെ കൊലപാതകത്തിന് പിന്നിൽ സിപിഎമ്മാണെന്ന് ആരോപിക്കുന്നത്.
കൊലപാതകം നടക്കുമ്പോൾ നിരപരാധിയായ 19 വയസ്സ് മാത്രം പ്രായമുള്ള തന്നെ പ്രതി ചേർത്ത് രണ്ട് മാസം ജയിലിലിട്ടുവെന്ന് കത്തിൽ പറയുന്നു. സിപിഐഎം നേതാവ് തന്നെ പാർട്ടി നടത്തിയ കൊലപാതകം എന്ന് വെളിപ്പെടുത്തിയതോടെ കേസിൽ പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് കോൺഗ്രസ് ഇപ്പോൾ രംഗത്തെത്തിയിട്ടുള്ളത്.

By admin

Leave a Reply

Your email address will not be published. Required fields are marked *