അവന്‍റെ പേര് ഇപ്പോഴെ ഉറപ്പിച്ചോളു; ഇന്ത്യയുടെ ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പറുടെ പേരുമായി ആദം ഗിൽക്രിസ്റ്റ്
മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഈ മാസം അവസാനം പ്രഖ്യാപിക്കുമ്പോള്‍ ആരൊക്കെ ടീമിലിടം നേടുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഓരോ ടീമും അഞ്ച് മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കി കഴിഞ്ഞപ്പോള്‍ റണ്‍വേട്ടയില്‍ നാലാമതുള്ള മലയാളി താരം സഞ്ജു സാംസണ് ലോകകപ്പ് ടീമിലിടം കിട്ടുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു.
ഇതിനിടെ ലോകകപ്പ് ടീമില്‍ ആരാകണം ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ എന്ന കാര്യം തുറന്നു പറയുകയാണ് ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പിംഗ് ഇതിഹാസം ആദം ഗില്‍ക്രിസ്റ്റ്. ലോകകപ്പ് ടീമില്‍ വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് തന്നെ വേണമെന്നാണ് ഞാന്‍ കരുതുന്നത്. സഞ്ജു സാംസണെയും പരിഗണിക്കാവുന്നതാണ്. ഇഷാന്‍ കിഷനും ശക്തമായ മത്സരവുമായി രംഗത്തുണ്ട്. അതിലൊന്നും സംശയമില്ല. പക്ഷെ, റിഷഭ് പന്ത് തന്നെ ലോകകപ്പില്‍ കളിക്കണമെന്നാണ് എന്‍റെ അഭിപ്രായം. അവന്‍റെ പേര് ഉറപ്പിച്ചിട്ടില്ലെങ്കില്‍ സെലക്ടര്‍മാര്‍ അക്കാര്യം ഉറപ്പിക്കുന്നത് നന്നായിരിക്കും-ഗില്‍ക്രിസ്റ്റ് ക്രിക് ബസിനോട് പറഞ്ഞു.
ലോകകപ്പ് ടീമിലിടം കിട്ടാനായി ഹാര്‍ദ്ദിക് പരിക്ക് മറച്ചുവെക്കുന്നു, ആരോപണവുമായി കിവീസ് താരം
സീസണിലെ റണ്‍വേട്ടയില്‍ ആറ് മത്സരങ്ങളില്‍ 194 റണ്‍സുമായി ആറാം സ്ഥാനത്താണ് റിഷഭ് പന്ത്. 157.72 എന്ന മികച്ച സ്ട്രൈക്ക് റേറ്റും പന്തിനുണ്ട്. അഞ്ച് മത്സരങ്ങളില്‍ 246 റണ്‍സടിച്ച സഞ്ജു റണ്‍വേട്ടയില്‍ നിലവില്‍ നാലാമതുണ്ട്. സഞ്ജുവിനും 157.69 സ്ട്രൈക്ക് റേറ്റുണ്ട്. ഇഷാന്‍ കിഷനാകട്ടെ അഞ്ച് മത്സരങ്ങളില്‍ 161 റണ്‍സുമായി പതിനേഴാം സ്ഥാനത്താണെങ്കിലും 182.95 സ്ട്രൈക്ക് റേറ്റുമായി സഞ്ജുവിനും റിഷഭ് പന്തിനും മുന്നിലാണ്. ഈ സീസണില്‍ മുംബൈക്കായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരവും കിഷനാണ്. എന്നാല്‍ ലോകകപ്പ് ടീമില്‍ ഓപ്പണര്‍മാരായി രോഹിത് ശര്‍മയും യശസ്വി ജയ്സ്വാളും ശുഭ്മാന്‍ ഗില്ലും ഉള്ളപ്പോള്‍ മുംബൈക്കായി ഓപ്പണറായി ഇറങ്ങുന്ന കിഷനെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാനിടയില്ലെന്നാണ് സൂചന.
ലോകകപ്പ് ടീമിലെത്താനുള്ള മത്സരത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന ജിതേഷ് ശര്‍മ ആദ്യ അഞ്ച് മത്സരങ്ങളിലും തിളങ്ങാതിരുന്നതോടെ പിന്‍നിരയിലേക്ക് പോയി. മറ്റൊരു വിക്കറ്റ് കീപ്പറായ ധ്രുവ് ജുറെലിനാകട്ടെ സീസണില്‍ ബാറ്റിംഗിന് കാര്യമായ അവസരം ലഭിച്ചിട്ടുമില്ല.