ന്യൂയോര്‍ക്ക്: അടുത്ത 48 മണിക്കൂറിനകം ഇറാന്‍ ഇസ്രായേലില്‍ ആക്രമണം നടത്തിയേക്കുമെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ ഇറാന്‍ കോണ്‍സുലേറ്റ് കെട്ടിടത്തിന് നേരെ ഏപ്രില്‍ ഒന്നിന് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിന് പ്രതികാരമായാണ് ഇറാന്‍ ആക്രമണത്തിന് ഒരുങ്ങുന്നത്.
കോണ്‍സുലേറ്റ് ആക്രമിണത്തില്‍ ഇറാന്‍ റവലൂഷനറി ഗാര്‍ഡ്‌സ് മുതിര്‍ന്ന കമാന്‍ഡര്‍മാരായ മുഹമ്മദ് റിസ സഹേദി, മുഹമ്മദ് ഹാദി റഹീമി എന്നിവരടക്കം ഏഴ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് ഇസ്രായേല്‍ തിരിച്ചടി നേരിടുമെന്ന് മുന്നറിയിപ്പ് നല്‍കിയ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമെയ്‌നി, ഇസ്രയേലിനെതിരെ പ്രതികാര നടപടിക്ക് രാജ്യം പ്രതിജ്ഞയെടുത്തതായും പ്രഖ്യാപിച്ചിരുന്നു.
നാലുവര്‍ഷത്തിനിടെ മേഖലയില്‍ കൊല്ലപ്പെടുന്ന ഇറാന്റെ രണ്ടാമത്തെ സൈനിക പ്രമുഖനാണ് കരസേന, വ്യോമസേന എന്നിവയിലെ മുന്‍ കമാന്‍ഡറും സൈനിക ഓപറേഷന്‍സ് ഡെപ്യൂട്ടി കമാന്‍ഡറുമായിരുന്ന സഹേദി. റവലൂഷനറി ഗാര്‍ഡ്‌സ് ജനറല്‍ ഖാസിം സുലൈമാനിയെ 2020ല്‍ ബഗ്ദാദില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരം കൊലപ്പെടുത്തിയിരുന്നു.
ഇറാന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് കടുത്ത ജാഗ്രതയിലാണ് ഇസ്രായേല്‍ കഴിയുന്നത്. സൈനികരുടെ അവധി റദ്ദാക്കി തിരിച്ചുവിളിക്കുകയും റിസര്‍വിസ്റ്റുകളോട് സര്‍വീസില്‍ കയറാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇസ്രായേലില്‍ എവിടെയും ഏതുനേരത്തും ആക്രമണം ന?ടന്നേക്കാമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അടുത്ത 24 മുതല്‍ 48 മണിക്കൂറിനുള്ളില്‍ ആക്രമണം ഉണ്ടായേക്കാമെന്നും യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *