ലോകത്താകമാനം 55 ദശലക്ഷം പേരാണ് ഡിമെൻഷ്യ ബാധിതരായി ജീവിക്കുന്നത്. എല്ലാ വർഷവും 10 ദശലക്ഷം പുതിയ ഡിമെൻഷ്യ കേസുകൾ ഉണ്ടാകുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്യുന്നു. ആഗോളതലത്തിൽ തന്നെ ഏറ്റവും കൂടുതലുള്ള ഡിമെൻഷ്യ രോഗങ്ങളിലൊന്നാണ് അൽഷൈമേഴ്‌സ് രോഗം. ഡിമെൻഷ്യയിലെ ഏതാണ്ട് 60-70 ശതമാനവും അൽഷൈമേഴ്‌സ് ആണ്.
ഓർക്കാനും ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും സാധിക്കാതെ വരുന്നതുമൂലം ദൈനംദിന പ്രവർത്തനങ്ങൾ താളം തെറ്റുന്ന അവസ്ഥയെയാണ് ഡിമെൻഷ്യ എന്ന് പൊതുവായി ദ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വിശേഷിപ്പിക്കുന്നത്.
ഈ രോഗത്തിന് ശാരീരികവും മാനസികവും സാമൂഹികവും സാമ്പത്തികപരവുമായ നിരവധി പ്രത്യാഘാതങ്ങൾ ഉണ്ടെന്ന് ലോകാരോഗ്യസംഘടന സൂചിപ്പിക്കുന്നു. ഇത് രോഗികളിൽ മാത്രമല്ല, രോഗികളെ പരിചരിക്കുന്നവർ, കുടുംബങ്ങൾ, സമൂഹം എന്നിവരെയും ബാധിക്കുന്നുണ്ട്.
ഓർമക്കുറവ്, ശ്രദ്ധിക്കാനാവാത്ത അവസ്ഥ, ആശയവിനിമയ പ്രശ്‌നങ്ങൾ, ചിന്താശേഷിയിലെ കുറവ്, തീരുമാനങ്ങളെടുക്കാനുള്ള കഴിവ് കുറയുന്നത്, പ്രശ്‌നപരിഹാരത്തിനുള്ള കഴിവ് കുറവ്, പരിചിതമായ പരിസരങ്ങൾ മറന്നുപോവുക, പരിചയമുള്ള വസ്തുക്കളെ വിശേഷിപ്പിക്കുവാൻ അപരിചിതമായ വാക്കുകൾ ഉപയോഗിക്കുക, അടുത്ത കുടുംബാംഗങ്ങളുടെ പേരുകൾ മറക്കുക, പഴയ ഓർമകൾ മായുക, സ്വതന്ത്രമായി ഒരു കാര്യവും ചെയ്യാൻ സാധിക്കാത്ത അവസ്ഥ തുടങ്ങി പലതരം ലക്ഷണങ്ങൾ ഡിമെൻഷ്യ ബാധിതരിൽ കാണാനാവുമെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പുറത്തിറക്കിയ പട്ടികയിൽ പറയുന്നു. ഇത് ഓരോ വ്യക്തിയിലും പ്രത്യേകമായിട്ടായിരിക്കും കാണുക.
നേരത്തെ രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ അത് തീവ്രമാകാതെ നോക്കി രോഗത്തെ കൃത്യമായി മാനേജ് ചെയ്യാൻ സാധിക്കും. ഡിമെൻഷ്യയ്‌ക്കൊപ്പമുള്ള ശാരീരിക രോഗങ്ങളെ ചികിത്സിക്കാനും സ്വഭാവത്തിലെ മാറ്റങ്ങൾ മനസ്സിലാക്കാനും രോഗികളുടെ പരിചാരകർക്ക് ആവശ്യമായ വിവരങ്ങൾ നൽകാനും നേരത്തെ രോഗം തിരിച്ചറിയുന്നത് സഹായിക്കും.