ആലത്തൂർ∙ തടയണകളിലെയും കുഴൽക്കിണർ പദ്ധതികളിലെയും ജലവിതാനം താഴുന്നത് മൂലം ക്ശേരി പഞ്ചായത്തിൽ ശുദ്ധജല ക്ഷാമം രൂക്ഷമായി. പുഴപദ്ധതിയോട് അനുബന്ധിച്ചുള്ള ഗായത്രിപ്പുഴയിലെ തടയണകളിലെ ജലവിതാനമാണ് താഴുന്നത്. ഒരാഴ്ച ജലവിതരണം നടത്താൻ പോലും ഇവിടെ വെള്ളം അവശേഷിക്കുന്നില്ലെന്ന് അധികൃതർ പറഞ്ഞു.
കാവശ്ശേരി വലിയപറമ്പ്, കോങ്ങാട്ടുമുറി തടയണകളിൽ നിന്നാണ് ശുദ്ധജല വിതരണം നടത്തുന്നത്. വെള്ളം വറ്റിയതോടെ വിഷു വരെയെങ്കിലും ഇവിടെ നിന്ന് ജലവിതരണം സാധ്യമാകുമോ എന്ന ആശങ്കയിലാണ് അധികൃതർ. ഇതിനിടെ വെള്ളം താഴ്ന്ന തടയണകളിൽ നിന്ന് മത്സ്യം പിടിക്കാനെത്തുന്നവർ വെള്ളം കലക്കി വിടുന്നതിനാൽ ചേറും ചെളിയും കലർന്ന വെള്ളമാണ് വിതരണം ചെയ്യുന്നതെന്ന് ആരോപണമുണ്ട്.
1600 ഓളം കുടുംബങ്ങൾക്ക് ഇവിടെ നിന്നാണ് ജലവിതരണം നടത്തുന്നത്. ഇത് കൂടാതെ നൂറോളം കുഴൽക്കിണർ പദ്ധതികളിലും ജലവിതാനം താഴുന്നത് ശുദ്ധജല വിതരണത്തെ പ്രതിസന്ധിയിലാക്കി. പഞ്ചായത്ത് നേരിട്ട് നടത്തുന്ന ആനമാറി, പഞ്ചായത്ത് ഓഫിസിനു സമീപം, കാവശ്ശേരി വടക്കെനട ശിവക്ഷേത്രം എന്നിവിടങ്ങളിലെ കുഴൽക്കിണർ പദ്ധതികളിൽ നിന്നും വെള്ളം ലഭിക്കുന്നില്ല. ഗുണഭോക്തൃ കമ്മിറ്റികൾ നടത്തുന്ന കഴനി, കാവശ്ശേരി, പത്തനാപുരം മേഖലകളിലെയും കുഴൽക്കിണറുകളിൽ നിന്നും വെള്ളം ലഭിക്കുന്നില്ല. വേനൽമഴ ലഭിച്ചില്ലെങ്കിൽ കാവശ്ശേരി പഞ്ചായത്തിലെ ശുദ്ധജല വിതരണം വലിയ പ്രതിസന്ധിയിലാകുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.