ചിങ്ങവനം: കിഴിവ് ലഭിക്കാതെ നെല്ല് സംഭരിക്കില്ലെന്ന ഉറച്ച നിലപാടിൽ മിൽ ഉടമകൾ. വിഷയം പരിഹരിക്കാതെ തുടരുന്നു. കുറിച്ചി പഞ്ചായത്തിലെ കാരിക്കുഴി, കക്കുഴി, പാലച്ചാല്‍ പാടശേഖരങ്ങളിലാണ് നെല്ല് സംഭരണം തടസപ്പെട്ടത്. റോഡിന്റെ ഇരുവശങ്ങളിലും നെല്ല് കൂട്ടിയിട്ടിരിക്കുകയാണ്. നല്ല ഉണക്കുള്ള സമയത്തും ആറുകിലോ കിഴിവാണ് മില്ലുകാര്‍ ചോദിക്കുന്നത്. കൊയ്തുകൂട്ടിയ നെല്ല് കഴിഞ്ഞ ഒമ്പതുദിവസമായി റോഡരികില്‍ കൂട്ടിയിട്ടിരിക്കുകയാണ്. വേനല്‍ മഴ കര്‍ഷകരുടെ മനസുകളില്‍ ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ക്വിന്റലുകണക്കിനു നെല്ല് റോഡില്‍ കിടക്കുന്നത്.
കിഴിവിന്റെ പേരില്‍ നെല്ല് സംഭരിക്കാത്ത നടപടിയില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ ഇന്ന് മുട്ടത്തുകടവില്‍ റോഡ് ഉപരോധിക്കുമെന്ന് കർഷക സംഘടനകൾ അറിയിച്ചു. വേന മഴ ശക്തമായാൽ ഇപ്പോൾ ആവശ്യപ്പെടുന്നതിനേക്കാൾ കൂടുതൽ കിഴിവ് കർഷകർ നൽകേണ്ടിവരും. ജില്ലയിലെ മറ്റു ഭാഗങ്ങളിൽ കുഴപ്പങ്ങളില്ലാതെ സംഭരണം നടക്കുമ്പോഴാണ് കുറിച്ചി മേഖലയിലെ കർഷകർ ദുരിതം അനുഭവിക്കുന്നത്.