നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് കഞ്ഞിവെള്ളം. ചോറ് കുതിർത്ത് പാകം ചെയ്‌താൽ അവശേഷിക്കുന്ന വെള്ളമാണിത്. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും നല്ലൊരു പ്രതിവിധിയാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളത്തില്‍ ധാരാളം പ്രോട്ടീനുകളും കാര്‍ബോഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട്. മുഖത്തിനും തലമുടിക്കും ഇത് ഏറെ ഗുണം ചെയ്യും.
കഞ്ഞിവെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് പതിവാക്കിയാൽ ചർമ്മം തിളക്കമുള്ളതും മൃദുവായതുമാകും. കഞ്ഞിവെള്ളത്തില്‍  ഫിനോളിക് ആസിഡുകളും ഫ്ലേവനോയ്ഡുകളും പോലുള്ള സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് ആന്‍റി- ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിലെ ചുവപ്പ് പാടുകളും മറ്റും അകറ്റാന്‍ സഹായിക്കും.  മുഖത്തെ അടഞ്ഞ ചര്‍മസുഷിരങ്ങള്‍ തുറക്കാന്‍ കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് നല്ലതാണ്. ഇതുവഴി മുഖക്കുരുവിനെ തടയാനും സഹായിക്കും. 
വിറ്റാമിനുകളായ ബി, ഇ തുടങ്ങിയവ അടങ്ങിയ കഞ്ഞിവെള്ളം ചര്‍മ്മത്തെ ചെറുപ്പമായിരിക്കാന്‍ സഹായിക്കും. മുഖത്തെ കറുത്ത പാടുകളെ അകറ്റാനും കഞ്ഞി വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് നല്ലതാണ്. കഞ്ഞി വെള്ളം ഉപയോഗിച്ച് കഴുത്ത് കഴുകുന്നത് കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം അകറ്റാന്‍ സഹായിക്കും. ഇത് കൂടാതെ, മുഖത്തിന്  സ്വാഭാവിക നിറം  ലഭിക്കാനും കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകാം. 
അതുപോലെ വെയിലേറ്റ് ഉണ്ടാകുന്ന കരുവാളിപ്പിനും മറ്റ് നിറവ്യത്യാസങ്ങൾക്കും ഏറ്റവും മികച്ച പരിഹാരമാണ് കഞ്ഞിവെള്ളം. ഇത്തരം പ്രശ്നങ്ങൾ അകറ്റാൻ കുറച്ചധികം കഞ്ഞിവെള്ളം തയ്യാറാക്കിയ ശേഷം കുളിക്കുന്നതിനു മുമ്പായി ഈ കഞ്ഞിവെള്ളം ശരീരത്തിൽ കോരിയൊഴിക്കുക. ഏകദേശം 15 മിനിറ്റെങ്കിലും ഇങ്ങനെ ചെയ്യാം. കരുവാളിപ്പ് മാറ്റാന്‍ ഇത് സഹായിക്കും. ചര്‍മ്മത്തിന് നല്ല തിളക്കം ലഭിക്കാനും ഇത് സഹായിക്കും. 
അതുപോലെ തലമുടി കൊഴിച്ചില്‍ തടയാനും മുടിയുടെ ആരോഗ്യം വർധിപ്പിക്കാനും കഞ്ഞിവെള്ളം സഹായിക്കും. ഇതിനായി ഒരു കപ്പ് കഞ്ഞിവെള്ളത്തിന് 20 ഗ്രാം എന്ന അളവിൽ ആവശ്യാനുസരണം ഉലുവ എടുക്കുക. രാത്രി മുഴുവൻ കഞ്ഞിവെള്ളത്തിൽ ഉലുവ ഇട്ട് വയ്ക്കുക. ശേഷം രാവിലെ ഉലുവ അരിച്ചുമാറ്റാം. ഈ കഞ്ഞിവെള്ളം നനഞ്ഞ മുടിയിൽ സ്‌പ്രേ ചെയ്യുകയോ ബ്രഷ് ഉപയോഗിച്ച് പുരട്ടുകയോ ചെയ്യാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. കഞ്ഞിവെള്ളം വെറുതേ തലയില്‍ പുരട്ടുന്നതും തലമുടി കൊഴിച്ചില്‍ തടയാനും തലമുടി വളരാനും സഹായിക്കും.  

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed