തിരുവനന്തപുരം: ഓൺലൈൻ പണം തട്ടിപ്പിന് തലവയ്ക്കാൻ മത്സരിക്കുകയാണോ മലയാളികൾ. കേരളത്തിൽ നിന്ന് തട്ടിപ്പുകാർ അടിച്ചെടുക്കുന്ന പണത്തിന്റെ കണക്ക് കേട്ടാൽ ഇങ്ങനെയാണ് കരുതാനാവുക. ഒരു വർഷത്തിനിടെ 148 കോടി രൂപയാണ് ഓൺലൈൻ തട്ടിപ്പിലൂടെ മലയാളികൾക്ക് നഷ്ടമായത്. ഇതിൽ 21.70 കോടി രൂപ പോലീസ് തിരിച്ചുപിടിച്ചു.
ഇക്കൊല്ലം ആദ്യ മൂന്നുമാസത്തിനിടെ 10343 പരാതികളാണ് ലഭിച്ചത്. വമ്പൻ ലാഭം വാഗ്ദാനം ചെയ്താണ് പണം തട്ടിപ്പിലേറെയും. അക്കൗണ്ട് വിവരങ്ങൾ ചോദിച്ച് മനസിലാക്കിയുള്ള തട്ടിപ്പും വ്യാപകം. പണം നഷ്ടമായി രണ്ടു മണിക്കൂറിനകം 1930 എന്ന ഹെൽപ്പ് ലൈനിൽ വിവരമറിയിച്ചാൽ പണം തിരിച്ചുപിടിക്കാം. എന്നാൽ 10 ദിവസം കഴിഞ്ഞാണ് പരാതി കിട്ടാറുള്ളത്. ഇതോടെ പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റാൻ തട്ടിപ്പുകാർക്കാവും.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനെത്തുടർന്ന് 1511 ബാങ്ക് അക്കൗണ്ടുകൾ പോലീസ് മരവിപ്പിച്ചിട്ടുണ്ട്. തട്ടിപ്പിനുപയോഗിച്ച 1730 സിം കാർഡുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്. 2124 ഐ.എം.ഇ.ഐ നമ്പരുകളും മരവിപ്പിച്ചു.
തട്ടിച്ചെടുക്കുന്ന പണം നിക്ഷേപിക്കാൻ സ്വന്തം ബാങ്ക് അക്കൗണ്ടുകൾ നൽകുന്ന 50 ലേറെപ്പേർ അറസ്റ്റിലായിട്ടുണ്ട്. പണം പിൻവലിച്ച ശേഷം അക്കൗണ്ടുടമയ്ക്ക് ഉത്തരേന്ത്യക്കാരായ തട്ടിപ്പുകാർ കമ്മിഷൻ നൽകും. വായ്പാ തട്ടിപ്പ് നടത്തുന്ന 436 ആപ്പുകളും നീക്കം ചെയ്തു. 6011 തട്ടിപ്പ് വെബ്സൈറ്റുകളും ബ്ലോക്ക് ചെയ്തു.
ഓൺലൈൻ തട്ടിപ്പുകാർ മുൻ വർഷം കേരളത്തിൽ നിന്ന് തട്ടിയെടുത്തത് 201 കോടി രൂപയാണ്. 23,753 പരാതികളാണുണ്ടായത്. ട്രേഡിംഗ് തട്ടിപ്പുകളിലൂടെ മാത്രം 3,394 പേർക്ക് 74കോടി നഷ്ടപ്പെട്ടു. തട്ടിപ്പുകാരുടെ 5107 ബാങ്ക് അക്കൗണ്ടുകളും 3289 മൊബൈൽ നമ്പറുകളും 239 സോഷ്യൽ മീഡിയ അക്കൗണ്ടുകളും 945 വെബ്സൈറ്റുകളും സൈബർ പൊലീസ് ബ്ലോക്ക് ചെയ്തു. നഷ്ടപ്പെട്ട 201കോടിയിൽ 20% തുക തിരിച്ചുപിടിക്കാനുമായി.
സോഷ്യൽ മീഡിയ വഴിയും പണം തട്ടിപ്പ് വ്യാപകമാണ്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് വഴിയാണ് പ്രലോഭനം. താത്പര്യമറിയിക്കുന്നവരെ തട്ടിപ്പുകാർ ടെലിഗ്രാം ഗ്രൂപ്പിൽ ചേർക്കും. തട്ടിപ്പ് വെബ്സൈറ്റിലൂടെ നിക്ഷേപം നടത്താനാവശ്യപ്പെടും.
തുടക്കത്തിൽ ചെറിയ തുക നിക്ഷേപിക്കുന്നവർക്ക് അമിതലാഭം നൽകി വിശ്വാസമാർജ്ജിക്കും. വൻതുക ലാഭം കിട്ടിയതിനുള്ള സ്ക്രീൻഷോട്ടുകൾ തട്ടിപ്പുകാരുടെ സഹായികൾ കാണിക്കും. ഇതോടെ കഥയറിയാതെ വൻതുകകൾ നിക്ഷേപിക്കും.
നിക്ഷേപത്തിന്റെ രണ്ടോ മൂന്നോ ഇരട്ടി ലാഭവിഹിതമായി ലഭിച്ചതായി വ്യാജവെബ്സൈറ്റിൽ അറിയിപ്പ് കിട്ടും. പണം പിൻവലിക്കണമെന്നാവശ്യപ്പെടുമ്പോൾ കൂടുതൽ പണം നിക്ഷേപിക്കാൻ തട്ടിപ്പുകാർ ആവശ്യപ്പെടും. ജി.എസ്.ടിയെന്ന പേരിൽ കൂടുതൽ പണം തട്ടും.
കസ്റ്റംസ്, സി.ബി.ഐ ഉദ്യോഗസ്ഥരെന്ന വ്യാജേന പോലും തലസ്ഥാനത്തെ ചാർട്ടേർഡ് അക്കൗണ്ടിൽ നിന്ന് 2.26 കോടി തട്ടിയെടുത്ത സംഭവം അടുത്തിടെയുണ്ടായിരുന്നു. 50 ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം മാറ്റിയത്. എല്ലാം ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള ബാങ്ക് ശാഖകളാണ്.
ഈ അക്കൗണ്ടുകൾ വഴി ഓൺലൈൻ ബാങ്കിംഗ്,യു.പി.ഐ ഇടപാട്,നെറ്റ് ബാങ്കിംഗ് വഴിയാണ് പണം പിൻവലിച്ചിട്ടുള്ളത്. തട്ടിയ പണം 9 ഘട്ടങ്ങളായാണ് ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയത്. ഭൂരിഭാഗം അക്കൗണ്ടുകളിൽ നിന്നും പണം പിൻവലിച്ചു. ഓൺലൈൻ പർച്ചേസ് വഴി വൻതോതിൽ സാധനങ്ങൾ വാങ്ങിക്കൂട്ടി.
ബംഗാൾ,ഗുജറാത്ത്,ഡൽഹി സംസ്ഥാനങ്ങളിൽ തട്ടിപ്പ് നടത്തിയ സംഘമാണ് പണം തട്ടിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. നാലു ദിവസം മുമ്പ് പാറോട്ടുകോണം സ്വദേശിയായ മുംബയിലെ ബിസിനസുകാരനിൽ നിന്ന് ഇതേ രീതിയിൽ 56 ലക്ഷം തട്ടിയിരുന്നു. ഈ തുകയും പല അക്കൗണ്ടുകളിലേക്ക് മാറ്റി പിൻവലിച്ചിട്ടുണ്ട്.
വിദേശത്തേക്കയച്ച പാഴ്സലിൽ അഞ്ച് വ്യാജ പാസ്പോർട്ടുകളും 75 ഗ്രാം എം.ഡി.എം.എയും കണ്ടെത്തിയെന്നറിയിച്ച് മുംബയിലെ കസ്റ്റംസ് ഓഫീസറെന്നറിയിച്ച ആളാണ് ചാർട്ടേർഡ് അക്കൗണ്ടന്റിനെ വിളിച്ചത്. പിന്നീട് മുംബയ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയയാൾ വിളിച്ചു.
കേസ് സി.ബി.ഐ ഏറ്റെടുത്തെന്നും കള്ളപ്പണ ഇടപാടില്ലെന്ന് തെളിയിക്കാൻ അക്കൗണ്ടിലെ 75 ശതമാനം തുക ആറ് അക്കൗണ്ടുകളിലേക്ക് മാറ്റാനും ആവശ്യപ്പെട്ടു. റിസർവ് ബാങ്ക് വഴി പരിശോധിച്ചശേഷം പണം തിരികെ നൽകുമെന്നാണ് അറിയിച്ചത്. പണം കൈമാറിയ ഉടൻ തട്ടിപ്പുകാർ 50 അക്കൗണ്ടുകളിലേക്ക് ഈ തുക മാറ്റുകയായിരുന്നു.