മധ്യവേനല്‍ അവധി ആരംഭിച്ചെങ്കിലും ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്കില്ല. പ്രതികൂലമായ കാലാവസ്ഥയും വന്യജീവികളുടെ ശല്യവും ടൂറിസത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മുന്‍കാലങ്ങളിലെപ്പോലെ സഞ്ചാരികള്‍ കൂട്ടമായി എത്തുന്നത് കുറഞ്ഞത് ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ക്ക് ശേഷം ഹൈറേഞ്ചിലേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വലിയകുറവാണ് വന്നിരിക്കുന്നത്.
രാവിലെ എത്തി വൈകുന്നേരത്തിന് മുമ്പ് തിരിച്ചുപോകുവാന്‍ ശ്രമിക്കുന്നവരാണ് കൂടുതല്‍ സഞ്ചാരികളും. കുടുംബവും കുട്ടികളുമായി എത്തുന്നവരാണ് ഇത്തരത്തില്‍ അന്നുതന്നെ തിരികെ പോകുവാന്‍ ശ്രദ്ധിക്കുന്നതില്‍ കൂടുതല്‍.
ടൂറിസം മേഖലകളില്‍ വന്യജീവികളുടെ ശല്യം കൂടുതലാണെന്ന് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സഞ്ചാരികള്‍ ഭയപ്പാടോടുകൂടിയാണ് ജില്ലയില്‍ എത്തുന്നത്. ടൂറിസം മേഖലകളില്‍ പകല്‍പോലും വന്യജീവികള്‍ എത്തുന്നത് നിയന്ത്രിക്കുവാന്‍ വനംവകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനാല്‍ വരുന്നവര്‍ സന്ധ്യയാകുന്നതിനു മുന്‍പേ നേര്യമംഗലം പാലം കടക്കുവാണ് ശ്രമിക്കുന്നത്. ഇത് ഹോട്ടല്‍, റിസോര്‍ട്ട്, ഹോം സ്റ്റേ സംരംഭകരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ജില്ലയിലേക്ക് ഏറ്റവും അധികം വിനോദസഞ്ചാരികള്‍ എത്തുന്ന മാസങ്ങളാണ് ഏപ്രിലും, മേയും. വിദ്യാലയങ്ങള്‍ അടച്ച് മധ്യവേനല്‍ അവധിയാരംഭിച്ചതോടെ ഹൈറേഞ്ചിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്കി മുന്‍കാലങ്ങളില്‍ ആശാവഹമായിരുന്നു. എന്നാല്‍ ഈ വേനലവധി തുടങ്ങി ആഴ്ചകള്‍ പിന്നിട്ടിട്ടും സഞ്ചാരികളുടെ തിരക്ക് മൂന്നാര്‍ മേഖലയിലേക്ക് ഇതുവരെ തുടങ്ങിയിട്ടില്ല.
കടുത്തചൂടും കാട്ടാനയായ പടപ്പയുടെ സാന്നിധ്യവുമാണ് ഈ പ്രതിഭാസത്തിന് കാരണമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. രണ്ടുമാസമായി അടച്ചിട്ടിരുന്ന ഇരവികുളം ദേശിയോദ്യാനം ഒരാഴ്ച മുമ്പ് തുറന്നിരുന്നു. ഇതോടെ സഞ്ചാരികളുടെ തിരക്കേറുമെന്ന് കരുതിയിരുന്നെങ്കിലും സഞ്ചാരികളുടെ വരവില്‍ കാര്യമായ വര്‍ധനവുണ്ടായില്ല. ഈ മാസം പകുതിയോടെ സഞ്ചാരികളുടെ വരവ് വര്‍ധിക്കുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍. ഇടുക്കി, ചെറുതോണി അണക്കെട്ടുകളില്‍ സഞ്ചാരികള്‍ക്ക് സന്ദര്‍ശനാനുമതി നല്‍കിയതും പ്രതീക്ഷയാണ്.
ജില്ലയില്‍ എത്തുന്ന സഞ്ചാരികളില്‍ കൂടുതല്‍പേരും ബോട്ടിങ് സെന്റെറുകളിലാണ് എത്തുന്നത്. മൂന്നാര്‍ മേഖലയില്‍ മാട്ടുപ്പെട്ടി, കുണ്ടള, ചെങ്കുളം, എന്നിവിടങ്ങളിലാണ് ഹൈഡല്‍ ടൂറിസത്തിന്റെ ബോട്ടിങ് നടത്തുന്നത്. സ്പീഡ് ബോട്ടുകളിലെ യാത്ര സഞ്ചാരികളെ ത്രസിപ്പിക്കുന്ന സാഹസിക വിനോദമാണ്. ഹൈഡല്‍ ടൂറിസത്തിന്റെ ഭാഗമായി കല്ലാര്‍കുട്ടി അണക്കെട്ടില്‍ ആരംഭിച്ച ബോട്ടിങ്് നിലച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞെങ്കിലും ഇതുവരെയും പുനരാരംഭിക്കുവാന്‍ കഴിഞ്ഞിട്ടില്ല. ഇവിടെ നിരവധി സഞ്ചാരികളാണ് എത്തി നിരാശയായി മടങ്ങുന്നത്.