ആലപ്പുഴ : വിഭാഗീയ പോര് രൂക്ഷമാകുന്നതിനിടെ കൂനിന്മേൽ കുരു പോലെ ജില്ലയിലെ സി.പി.എമ്മിന് പുതിയ പ്രശ്നം. കായംകുളം ഏരിയാ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ നേതാവ് ബിപിൻ.സി.ബാബു പാർട്ടി സംസ്ഥാന സെക്രട്ടറിസംസ്ഥാന സെക്രട്ടറിക്ക് അയച്ച കത്ത് പുറത്തായതാണ് സിപിഎമ്മിനെ വെട്ടിലാക്കിയിരിക്കുന്നത്. ആര്‍എസ്എസ് പ്രവർത്തകൻ സത്യൻെറ കൊലപാതകം പാർട്ടി ആലോചിച്ച് നടത്തിയതാണെന്നാണ് ജില്ലാ പഞ്ചായത്തംഗം ബിപിൻ.സി.ബാബുവാണ് കത്തിലൂടെ ആരോപിച്ചത്. വിഭാഗീയത രൂക്ഷമായി നിൽക്കുന്ന ഘട്ടത്തിൽ വന്ന പുതിയ വെളിപ്പെടുത്തൽ തിരഞ്ഞെടുപ്പ് കാലത്ത് സി.പി.എമ്മിന് തലവേദനയായിരിക്കുകയാണ്.
മാർച്ച് 26നാണ് ജില്ലാ പഞ്ചായത്ത് അംഗമായ വി ബിപിൻ സി ബാബു സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് കത്തയച്ചത്. പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത ശേഷവും നേതൃത്വത്തിലെ ഒരു വിഭാഗം വ്യക്തിപരമായി ദ്രോഹിക്കാൻ ശ്രമിക്കുന്നു എന്നാണ് കത്തിൽ ഉന്നയിക്കുന്ന പരാതി. ജില്ലാ സെക്രട്ടേറിയേറ്റംഗം കെ എച്ച് ബാബുജാന് എതിരെയാണ് പരാതി.
ജില്ലാ പഞ്ചായത്തിൻ്റെ ഔദ്യോഗിക ലെറ്റർ പാഡിൽ ബിപിൻ സി.ബാബു ഒപ്പിട്ട് അയച്ചിരിക്കുന്ന ഈ കത്തിലാണ് സി.പി.എമ്മിനെ വെട്ടിലാക്കുന്ന ഗുരുതര വെളിപ്പെടുത്തലുളളത്.
പാർട്ടിയിലെ പ്രവർത്തന പാരമ്പര്യവും മറ്റും പറയുന്ന ഭാഗത്താണ് പരാമർശം. 14 വർഷമായി വിവിധ പാർട്ടി പദവികളിലും പാർലമെൻ്ററി ഉത്തരവാദിത്തങ്ങളിലും പ്രവർത്തിച്ചു വരുന്ന താൻ 36 കേസുകളിൽ പ്രതിയാണെന്ന് വിശദീകരിച്ചു കൊണ്ടാണ് വെളിപെടുത്തലിലേക്ക് കടക്കുന്നത്.
” പാർട്ടി ആലോചിച്ച് നടത്തിയ, ആർ.എസ്.എസ് പ്രവർത്തകനായിരുന്ന സത്യൻ കൊലക്കേസിൽ, നിരപരാധിയായിരുന്ന എന്നെ പ്രതിയാക്കിയതിനെ തുടർന്ന് 19-ാം വയസിൽ 65 ദിവസം ഞാൻ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്” ഇതാണ് ബിപിൻ സി. ബാബുവിൻ്റെ കത്തിലെ പരാമര്‍ശം.
ഈ പരാമർശമല്ലാതെ പാർട്ടി സംസ്ഥാന സെക്രട്ടറിക്ക് അയച്ച കത്തിലെ മറ്റൊരിടത്തും സത്യൻ വധക്കേസ് സംബന്ധിച്ച് പരാമർശങ്ങളില്ല. സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റംഗം കെ.എച്ച്.ബാബുജാൻ വ്യക്തിപരമായി ഒതുക്കാൻ ശ്രമിക്കുന്നുവെന്നും കുടുംബ പ്രശ്നം ആളിക്കത്തിക്കാൻ ശ്രമിക്കുന്നുവെന്നും കത്തിൽ പലയിടത്തും ആവർത്തിക്കുന്നുണ്ട്.
ഭാര്യയുടെ പരാതിയിൽ സസ്പെൻറ് ചെയ്യപ്പെട്ട ബിപിനെ അടുത്തിടെ പാർട്ടി ബ്രാഞ്ചിലേക്ക് തിരികെ എടുത്തിരുന്നു. ഏരിയ സെൻററിൽ പ്രവർത്തിച്ച തന്നെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയത് ബാബുജാൻെറ ഇടപെടലാണ് എന്നാണ് കത്തിലെ പരാതി.
ജില്ലാ പഞ്ചായത്ത് അംഗമായ തന്നെ സ്വന്തം ഡിവിഷനിൽ പ്രവർത്തിക്കാൻ അനുവദിച്ചില്ല, മരണ വീട്ടിൽ പോലും പോകാൻ വിലക്കേർപ്പെടുത്തി തുടങ്ങിയ പരാതികളും കത്തിൽ ഉണ്ട്. തനിക്കെതിരായ എല്ലാ നീക്കങ്ങളും കെ എച്ച് ബാബുജാന്റെ നേതൃത്വത്തിൽ നടക്കുന്ന കാര്യങ്ങളാണെന്നും എം വി ഗോവിന്ദന് അയച്ച കത്തിൽ പറയുന്നുണ്ട്.
എന്നാൽ ബിപിൻ സി ബാബു ബി.ജെ.പിയുമായി ചർച്ച നടത്തിയതിൻ്റെ ഭാഗമാണ് കത്തിലെ പാർട്ടിക്ക് എതിരായ ആരോപണമെന്നാണ് സി.പി.എമ്മിലെ എതിർ വിഭാഗത്തിൻ്റെ ആക്ഷേപം. ബി.ജെ പി യിലേക്ക് പോകാൻ താൽപര്യമില്ലന്ന് ബിപിൻ സി ബാബുവിൻ്റെ കത്തിൽ പറയുന്നുണ്ട്. പൊതുപ്രവർത്തനം നടത്തണമെന്ന് ആഗ്രഹിച്ച വന്നതാണെങ്കിലും ഇപ്പോൾ അത് നടത്താൻ ആവാത്ത സ്ഥിതിയാണ്. അതുകൊണ്ട് ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവെക്കാൻ ആഗ്രഹിക്കുകയാണ് എന്നും കത്തിൽ പറയുന്നുണ്ട്.
ബിപിൻ്റെ അമ്മയും കായംകുളം ഏരിയ കമ്മിറ്റി അംഗവുമായ കെഎൽ പ്രസന്നകുമാരി പാർട്ടിയിൽ നിന്ന് രാജി വെച്ചിരുന്നു. ഇതിനൊപ്പമാണ് ബിപിൻ സി ബാബുവിന്റെ കത്തും പുറത്താകുന്നത്. കുമാരിയുടെ രാജി കത്തും പുറത്തായിരുന്നു.