ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയൻ രാജ്യങ്ങളിലേക്കുള്ള ക്രമരഹിത കുടിയേറ്റം കുറയ്ക്കുന്നതിനായുള്ള പുതിയ നിയമം പാർലമെന്റിൽ അവതരിപ്പിച്ചു. യൂറോപ്യന്‍ യൂണിയിലെ എല്ലാ അംഗ രാജ്യങ്ങളെയും തൃപ്തിപ്പെടുത്തുന്ന കുടിയേറ്റ നിയമത്തിനായി വര്‍ഷങ്ങളായി ശ്രമം നടത്തുകയായിരുന്നു. 
നിയമം അംഗീകരിച്ചാല്‍ 2026ല്‍ പ്രാബല്യത്തില്‍ വരും. ഇയു മൈഗ്രേഷന്‍, അസൈലം നിയമങ്ങളിലെ പരിഷ്ക്കാരങ്ങളാണ് പാര്‍ലമെന്റില്‍ വോട്ടിനിട്ടത്.
പുതിയ ഇമിഗ്രേഷന്‍ സംവിധാനത്തിന് കീഴില്‍, യൂറോപ്യന്‍ യൂണിയനിലേക്ക് അനധികൃതമായി പ്രവേശിക്കുന്ന കുടിയേറ്റക്കാരെ ഏഴ് ദിവസത്തിനുള്ളില്‍ മുഖത്തിന്റെയും വിരലടയാളത്തിന്റെയും ബയോമെട്രിക് റീഡിങ് ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍, ആരോഗ്യ, സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമാക്കും. ആർക്കൊക്കെയാണ് അഭയം നൽകേണ്ടതെന്നും ആരെയൊക്കെ തിരിച്ചയക്കമെന്നും നിര്‍ണ്ണയിക്കാന്‍ ഈ നടപടിക്രമം ലക്ഷ്യമിടുന്നു.
അസാധുവായ അപേക്ഷകള്‍ നിരസിക്കുന്നത് ത്വരിതപ്പെടുത്തുന്നതിലൂടെയും അഭയ അഭ്യർഥനകള്‍ പ്രോസസ് ചെയ്യുന്നതിന്റെ ഭാരം അംഗരാജ്യങ്ങള്‍ക്കിടയില്‍ കൂടുതല്‍ തുല്യമായി പങ്കിടുന്നതിലൂടെയും കുടിയേറ്റത്തിന്റെ ആഘാതം നിയന്ത്രിക്കാന്‍ പുതിയ ഇയു അഭയ സമ്പ്രദായവും കുടിയേറ്റ ഉടമ്പടിയും ലക്ഷ്യമിട്ടുള്ളതാണ്.
യാഥാസ്ഥിതിക, ലിബറല്‍ നിയമനിർമാതാക്കളും വടക്കന്‍, തെക്കന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളും തമ്മില്‍ വര്‍ഷങ്ങളോളം നീണ്ട വാഗ്വാദത്തിന് ശേഷമാണ് വോട്ടെടുപ്പ് നടക്കുന്നത്. 2023 ല്‍ യൂറോപ്യന്‍ യൂണിയന് ലഭിച്ച അഭയ അപേക്ഷകള്‍ ഏഴ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരുന്നു.
നിയമം അംഗീകരിക്കുകയും യൂറോപ്യന്‍ യൂണിയന്‍ മന്ത്രിമാര്‍ സ്ഥിരീകരിക്കുകയും ചെയ്താല്‍, യൂറോപ്യന്‍ യൂണിയന്റെ അഭയ സമ്പ്രദായത്തിലെ മാറ്റങ്ങള്‍ 2026ല്‍ പ്രാബല്യത്തില്‍ വരും.

By admin

Leave a Reply

Your email address will not be published. Required fields are marked *