മലപ്പുറം: കോട്ടക്കല്‍ പുത്തൂരില്‍ ലോറി നിയന്ത്രണംവിട്ട് കെട്ടിടത്തില്‍ ഇടിച്ച് കയറി ഒരാള്‍ മരിച്ചു. ലോറി ഡ്രൈവര്‍ കോയമ്പത്തൂര്‍ സ്വദേശി വിപിനാണ് മരിച്ചത്. ഇറക്കത്തില്‍ നിയന്ത്രണംവിട്ട ലോറി കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇതേസമയം കടയിലുണ്ടായിരുന്നവര്‍ ലോറി വരുന്നതുകണ്ട് ഓടിരക്ഷപ്പെട്ടു.
ഡ്രൈവറെ രണ്ടു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയുടെയും പോലീസിന്റെയും നേതൃത്വത്തില്‍ നാട്ടുകാരുടെ സഹായത്തോടെ ജെ.സി.ബി. ഉപയോഗിച്ച് ലോറി പുറകിലേക്ക് വലിച്ചു നീക്കിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കാബിന്‍ പൊളിച്ചുമാറ്റിയാണ് ഡ്രൈവറെ പുറത്തെടുത്തത്. തമിഴ്നാട്ടില്‍നിന്ന് കേരളത്തിലെ വിഷു വിപണിയിലേക്കുള്ള പടക്കവുമായെത്തിയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. മൃതദേഹം കോട്ടയ്ക്കലിലെ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റി.