മുണ്ടക്കയം: പുഞ്ചവയലിൽ സംസ്കാര ചടങ്ങിനിടെ കാട്ടു തേനീച്ചക്കൂട്ടത്തിൻ്റെ കുത്തേറ്റ് 18 പേർക്കു പരുക്കേറ്റ സംഭവത്തിൽ തേനീച്ചകളെ ഓടിക്കണമെന്ന പരാതി വനം വകുപ്പ് ഉദ്യോഗസ്ഥർ അവഗണിച്ചതായി നാട്ടുകാർ. സംസ്കാരച്ചടങ്ങിൽ പങ്കെടുത്തവരെയാണ് തേനീച്ചക്കൂട്ടം ആക്രമിച്ചത്. ഇളകിയെത്തിയ തേനീച്ചകളുടെ കുത്തേറ്റ് ഇന്നലെ ആശുപത്രിയിലായത് 18 പേരാണ്. പക്ഷികൾ തേനീച്ചക്കൂട് ആക്രമിച്ചതോടെയാണ് ഇവ ഇളകി എത്തിയതെന്ന് നാട്ടുകാർ പറയുന്നു.
പുഞ്ചവയൽ ചതുപ്പ് ഭാഗത്ത് ഇന്നലെ രാവിലെ ഒൻപതു മണിയോടെയാണു സംഭവം. മാടത്താനിയിൽ മാത്യു ജോസഫിന്റെ സംസ്കാരച്ചടങ്ങുകളുടെ ഭാഗമായി പ്രാർഥനകൾ ആരംഭിച്ചതോടെ വീടിന് സമീപം കൂടിനിന്ന കുട്ടികൾ ഉൾപ്പെടെയുള്ളവരെ ദൂരെനിന്നു വന്ന തേനീച്ചകൾ ആക്രമിക്കുകയായിരുന്നു. പരിസര പ്രദേശത്തെ വീടുകളിൽ ഉള്ളവർക്കും കുത്തേറ്റു. 
സാധാരണ തേനീച്ചകളെക്കാൾ വലുപ്പമുള്ള ഇവയുടെ കുത്തേറ്റ് പുഞ്ചവയൽ സ്വദേശി വത്സമ്മ ബോധരഹിതയായി വീണു. പരുക്കേറ്റവരെ സംസ്കാരച്ചടങ്ങിന്റെ ഭാഗമായി എത്തിച്ച ആംബുലൻസിലും മറ്റ് വാഹനങ്ങളിലുമായി ആശുപത്രിയിൽ എത്തിച്ചു. കുറച്ചു നാളുകൾക്ക് മുൻപാണ് എരുമേലി റേഞ്ചിലെ കാരിശേരി വനപ്രദേശത്ത് മഞ്ഞളരുവി തോടിന് മറുകരയിലെ ഇലവ് മരത്തിൽ തേനീച്ചകൾ കൂടുകൂട്ടിയത്.
ഇത് ശ്രദ്ധയിൽപെട്ട നാട്ടുകാർ വനം വകുപ്പിൽ വിവരം അറിയിച്ചിരുന്നു. തേനീച്ചകൾ ഇളകാൻ സാധ്യതയുള്ളതിനാൽ ഭീതിയോടെയാണ് പ്രദേശവാസികൾ കഴിഞ്ഞിരുന്നത്. കാട്ടുപന്നികൾ ഉൾപ്പെടെ വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശത്ത് തേനീച്ചകളും ജനങ്ങളുടെ പേടിസ്വപ്നമായി. ജീവൻ നിലനിർത്താൻ ഉള്ളതെല്ലാം വിറ്റു നാടുവിടേണ്ട അവസ്ഥയിലാണ് പ്രദേശവാസികൾ.

By admin

Leave a Reply

Your email address will not be published. Required fields are marked *