ഹാനോയ്: വിയറ്റ്‌നാമിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് കേസിൽ ഉൾപ്പെട്ട വനിതാ വ്യവസായി ട്രൂങ് മൈ ലാനെ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. പണം തട്ടിയെടുക്കൽ, കൈക്കൂലി വാങ്ങൽ, വായ്പ നൽകുന്നതുമായി ബന്ധപ്പെട്ട ബാങ്കിംഗ് നിയമങ്ങൾ ലംഘിക്കൽ എന്നീ കേസുകളുമായി ബന്ധപ്പെട്ടാണ് ശിക്ഷ വിധിച്ചത്.
വഞ്ചനാക്കുറ്റത്തിന് വധശിക്ഷയ്ക്കും മറ്റ് രണ്ട് കുറ്റങ്ങൾക്ക് 20 വർഷം വീതം തടവിനും ശിക്ഷിച്ചതായി വിയറ്റ്‌നാം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റിയൽ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് സ്ഥാപനമായ വാൻ തിൻ ഫാറ്റ് ഹോൾഡിംഗ്സ് ഗ്രൂപ്പിൻ്റെ ചെയർവുമണാണ് ലാൻ. വാൻ തിൻ ഫാറ്റിനും ഷെൽ കമ്പനികൾക്കും നിയമവിരുദ്ധമായി വായ്പയെടുത്ത് സൈഗോൺ ജോയിൻ്റ് സ്റ്റോക്ക് കൊമേഴ്‌സ്യൽ ബാങ്കി(എസ്‌സിബി)ൽ നിന്ന് സ്വത്ത് സമ്പാദിച്ചതാണ് ലാനെ കുടുക്കിയത്.
ബാങ്കിൻ്റെ ഏകദേശം 15% മാത്രമേ ഇവര്‍ നിയന്ത്രിച്ചിരുന്നുള്ളൂവെന്നും ബാങ്കിൽ ഔദ്യോഗിക പദവി ഇല്ലെന്നും യുവതിയുടെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. ലാനിന് വേണ്ടി പ്രവർത്തിക്കാൻ തങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നതായി വലിയ ഓഹരികൾ കൈവശം വച്ചിരുന്ന സാക്ഷികൾ കോടതിയെ അറിയിച്ചതാണ് യുവതിക്ക് തിരിച്ചടിയായത്.
പ്രതിനിധികൾ മുഖേന എസ്‌സിബിയിൽ 90 ശതമാനത്തിലധികം നിയന്ത്രിത ഓഹരി ലാനിന് ഉണ്ടെന്നും ബാങ്കിൻ്റെ യഥാർത്ഥ ഉടമയാണെന്നും ജഡ്ജിമാർ തുടര്‍ന്ന് കണ്ടെത്തി. 2012-നും 2022-നും ഇടയിൽ എസ്‌സിബിയുടെ വായ്പയുടെ 90 ശതമാനത്തിലേറെയും വായ്‌പകൾ മൊത്തം 44 ബില്യൺ ഡോളറിൻ്റെ മൂല്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
12.3 ബില്യൺ ഡോളർ വാൻ തിൻ ഫാറ്റിന് കൈമാറിയതായും മറ്റ് ഫണ്ടുകൾ സ്വകാര്യമായി ഉപയോഗിച്ചതായും ആരോപിക്കപ്പെടുന്നു. 1,000-ലധികം വായ്പകളിൽ ചിലത് ലാൻ തീർപ്പാക്കിയതായി ജഡ്ജിമാർ കണ്ടെത്തി. എന്നാൽ ലാൻ ബാങ്കിന് പൂർണമായും നഷ്ടപരിഹാരം നൽകണമെന്ന് കോടതി പറഞ്ഞു.
ഏകദേശം 10 വർഷം പഴക്കമുള്ള ആരോപണങ്ങളുമായി ബന്ധപ്പെട്ട് 2022 ലാണ് ലാനെ ആദ്യമായി അറസ്റ്റ് ചെയ്തത്. എസ്‌സിബിക്ക് നഷ്ടങ്ങള്‍ വരുത്തിയതിന് സെൻട്രൽ ബാങ്ക് ഉദ്യോഗസ്ഥർ ഉൾപ്പെടെ 80-ലധികം പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ശിക്ഷയ്‌ക്കെതിരെ ലാൻ അപ്പീൽ നൽകുമെന്ന് കുടുംബാംഗം പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
വിയറ്റ്നാമിലെ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ‘ബ്ലേസിങ് ഫര്‍ണസ്’ എന്ന പേരില്‍ അഴമതിക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കിയിരുന്നു. ലാനിനെതിരായ കേസും ഇതിന്റെ ഭാഗമാണ്. അഴിമതിക്കെതിരായ നടപടികളെ തുടര്‍ന്ന് മുൻ വിയറ്റ്നാമീസ് പ്രസിഡൻ്റുമാർ ഉൾപ്പെടെയുള്ള ഉയർന്ന തലത്തിലുള്ള രാഷ്ട്രീയക്കാർ രാജിവയ്ക്കാൻ നിർബന്ധിതരായി. നൂറുകണക്കിന് ഉദ്യോഗസ്ഥരും വ്യവസായികളും ശിക്ഷിക്കപ്പെട്ടു.