കോട്ടയം: പകല്‍ താപനില നാല്‍പ്പത് ഡിഗ്രിക്ക് അടുത്ത്. ചൂട് കുറയാത്തതിനാല്‍ രോഗവ്യാപനം. ചെങ്കണ്ണ്, ചിക്കന്‍ പോക്‌സ്, വയറിളക്കം തുടങ്ങിയ രോഗങ്ങളാണു പടരുന്നത്. മിക്ക ആശുപത്രികളിലും ഇത്തരം രോഗികളുടെ തിരക്കാണ്. ഗുരുതരമാകില്ലെങ്കിലും അസ്വസ്ഥത വര്‍ധിപ്പിക്കുമെന്നതിനാല്‍ ഇത്തരം രോഗങ്ങള്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്.
ചെങ്കണ്ണ് രോഗമാണു വ്യാപകമാകുന്നത്. കണ്ണിനു വേദന, ചുവപ്പു നിറം, ചൊറിച്ചില്‍ എന്നിങ്ങനെ പല ലക്ഷണങ്ങളോടെയും എത്തുന്ന രോഗം ദിവസങ്ങള്‍ നീണ്ടുനില്‍ക്കാറുണ്ട്. ചിലര്‍ക്കെങ്കിലും കണ്ണിനു ചുറ്റും വീക്കം, വേദന എന്നിവയും ഉണ്ടാകാറുണ്ട്. അപൂര്‍വം ചിലരില്‍ അസ്വസ്ഥത വര്‍ധിപ്പിക്കാറുണ്ട്.
കൃത്യമായ രോഗമറിയാതെ മുതിര്‍ന്നവരില്‍ പലരും ആശുപത്രിയില്‍ ചികിത്സ തേടാറില്ല. ചിലര്‍ സ്വയം ചികത്സ നടത്തുകയും ചെയ്യും. എന്നാല്‍, കണ്ണിന് അസ്വസ്ഥത തോന്നിയാലുടന്‍ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
ചിക്കന്‍ പോക്‌സും വ്യാപകമാണ്. ചൂട് വര്‍ധിക്കുന്നതനുസരിച്ചു രോഗത്തിന്റെ അസ്വസ്ഥതയും രോഗവ്യാപനവും വര്‍ധിക്കുകയാണ്. ചൂട് വര്‍ധിക്കുന്നതിനാല്‍ രോഗത്തിന്റെ അസ്വസ്ഥത വര്‍ധിക്കുന്നതായി അനുഭവസ്ഥര്‍ പറയുന്നു.
രോഗം വന്നാലും പലരും ആധുനിക ചികിത്സ തേടാറില്ലെന്നതും അസ്വസ്ഥത വര്‍ധിപ്പിക്കുന്നു. ചിക്കന്‍പോക്‌സ് ഗുരുതര രോഗമല്ലെങ്കിലും ലക്ഷണങ്ങള്‍ കണ്ടാലുടന്‍ ചികിത്സ തേടണമെന്ന ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കുന്നു.
ഗുണനിലവാരമില്ലാത്ത വെള്ളത്തിന്റെ ഉപയോഗം വ്യാപകമാകുന്നതു വയറിളക്ക രോഗവും പടരാന്‍ കാരണമാകുന്നു. അത്യൂഷ്ണത്തെത്തുടര്‍ന്നു കാണുന്ന സ്ഥലങ്ങളില്‍ നിന്നെല്ലാം മനുഷ്യന്‍ വെള്ളം കുടിച്ചുപോകും. പലപ്പോഴും ശുദ്ധീകരിക്കാത്ത വെള്ളമോ, ഗുണനിലവാരമില്ലാത്ത വെള്ളമോ കുടിക്കേണ്ട സാഹചര്യമുണ്ടാകും. ഇതു വയറിളക്കം ഉള്‍പ്പെടെയുള്ള ജലജന്യ രോഗങ്ങളിലേക്കു നയിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *