മുംബൈ: 197 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ മുംബൈ ഇന്ത്യന്‍സ് ഇത്ര പെട്ടെന്ന് മത്സരം അവസാനിപ്പിക്കുമെന്ന് മുംബൈ ആരാധകര്‍ പോലും ചിന്തിച്ചുകാണില്ല. ക്രീസിലെത്തിയ മുംബൈയുടെ എല്ലാ ബാറ്റര്‍മാരും തകര്‍ത്തടിച്ച മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് നാണം കെട്ട തോല്‍വി. സ്‌കോര്‍: ആര്‍സിബി-20 ഓവറില്‍ എട്ട് വിക്കറ്റിന് 196. മുംബൈ-15.3 ഓവറില്‍ 3 വിക്കറ്റിന് 199.
ബൗളര്‍മാര്‍ വീണ്ടും നിറം മങ്ങിയതാണ് ആര്‍സിബിയുടെ പ്രതീക്ഷകള്‍ തച്ചുടച്ചത്. ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും, രോഹിത് ശര്‍മയും മുംബൈയുടെ നയം വ്യക്തമാക്കി തകര്‍പ്പനടികളോടെയാണ് ഇന്നിംഗ്‌സ് ആരംഭിച്ചത്.
34 പന്തില്‍ 69 റണ്‍സുമായി കിഷനും, 24 പന്തില്‍ 38 റണ്‍സെടുത്ത രോഹിതും മടങ്ങിയപ്പോഴും ആര്‍സിബിക്ക് ആശ്വസിക്കാന്‍ ഒന്നുമുണ്ടായില്ല. കാരണം പോയവരെക്കാള്‍ അപകടകാരികളായിരുന്നു വരാനുണ്ടായിരുന്നവര്‍. 19 പന്തില്‍ 52 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് അതിന് ഉദാഹരണം. പരിക്കില്‍ നിന്ന് തിരിച്ചെത്തിയ സൂര്യ ഫോം വീണ്ടെടുത്തത് മുംബൈയ്ക്ക് അടുത്ത മത്സരങ്ങളിലും ശുഭസൂചകമാണ്. ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും (6 പന്തില്‍ 21), തിലക് വര്‍മയും (10 പന്തില്‍ 16) പുറത്താകാതെ നിന്നു.
പുറത്താകാതെ 23 പന്തില്‍ 53 റണ്‍സെടുത്ത ദിനേശ് കാര്‍ത്തിക്, 26 പന്തില്‍ 50 റണ്‍സെടുത്ത രജത് പടിദാര്‍, 40 പന്തില്‍ 61 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് എന്നിവരുടെ ബാറ്റിംഗാണ് ആദ്യം ബാറ്റു ചെയ്ത ആര്‍സിബിക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മുംബൈയ്ക്കു വേണ്ടി ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റ ്പിഴുതു.

By admin

Leave a Reply

Your email address will not be published. Required fields are marked *