തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ എംഎൽഎ കെ.ബാബുവിന്‍റെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന എം.സ്വരാജിന്‍റെ ഹർജി ഹൈക്കോടതി തള്ളി. മതചിഹ്നം ഉപയോഗിച്ച് കെ.ബാബു വോട്ട് തേടി എന്നാണ് ഹർജിയിലെ ആക്ഷേപം. ജസ്റ്റിസ് പി.ജി.അജിത് കുമാറിന്‍റെ ബെഞ്ചാണ് വിധി പറഞ്ഞത്.
വോട്ടര്‍മാര്‍ക്ക് നല്‍കിയ സ്ലിപ്പില്‍ സ്ഥാനാർഥിയുടെ ചിത്രത്തിനൊപ്പം ശബരിമല അയ്യപ്പന്‍റെ ചിത്രം ഉപയോഗിച്ചതടക്കമുള്ള വിഷയങ്ങളാണ് എം.സ്വരാജിന്‍റെ പരാതിക്ക് ആധാരം. താൻ തോറ്റാൽ അയ്യപ്പൻ തോൽക്കുന്നതിനു തുല്യമാണെന്നു കാണിച്ച് ബാബു മണ്ഡലത്തിൽ പ്രചാരണം നടത്തിയെന്നും പരാതിയിലുണ്ട്. ജാതി, മതം, ഭാഷ, സമുദായം എന്നിവയുടെ പേരില്‍ വോട്ട് ചോദിക്കരുതെന്ന ചട്ടം ലംഘിച്ച ബാബുവിന്‍റെ തിരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണം എന്നായിരുന്നു സ്വരാജിന്‍റെ ആവശ്യം. 
ഈ വാദങ്ങൾ നിലനിൽക്കില്ലെന്ന കെ.ബാബുവിന്റെ തടസവാദം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഈ വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയെങ്കിലും തിരിച്ചടിയായിരുന്നു ഫലം.2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 992 വോട്ടുകൾക്കാണ് എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിനെ കെ.ബാബു പരാജയപ്പെടുത്തിയത്. തുടർന്ന് 2021 ജൂണിൽ സ്വരാജ് ഹൈക്കോടതിയെ സമീപിച്ചു. രണ്ടു വർഷത്തിനും പത്തുമാസത്തിനും ശേഷമാണ് ഹർജിയിൽ വിധി വന്നത്. തൃപ്പൂണിത്തുറയിൽ 1991 മുതൽ 2011 വരെ തുടർച്ചയായി 5 തവണ വിജയിച്ച കെ.ബാബു 2016ൽ ബാർ കോഴ വിവാദത്തെത്തുടർന്ന് എം.സ്വരാജിനോട് പരാജയപ്പെട്ടിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *