ചര്‍മത്തിന്റെ ആരോഗ്യം നഷ്ടപ്പെടുന്നതാണ് നമ്മളില്‍ പ്രായം കൂടുന്നതിന്റെ പ്രാരംഭലക്ഷണങ്ങൾ. ചര്‍മത്തിന്റെ ആരോഗ്യവും തിളക്കവും വീണ്ടെടുക്കാന്‍ ഭക്ഷണത്തിലാണ് ശ്രദ്ധിക്കേണ്ടത്. വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയ അവക്കാഡോ കഴിക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
ചര്‍മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തുന്ന കൊളാജിന്‍ വര്‍ധിപ്പിക്കാന്‍ അവക്കാഡോയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് സഹായിക്കും. ചര്‍മത്തിലെ ജലാംശം നിലനിര്‍ത്താനും അവക്കാഡോയ്ക്ക് കഴിയും. അതുകൊണ്ടു തന്നെ ചര്‍മം കൂടുതല്‍ ചെറുപ്പമായി തോന്നാന്‍ സഹായിക്കുകയും ചെയ്യും. ഇത്തരത്തില്‍ അവക്കാഡോയുടെ ഗുണങ്ങള്‍ നിരവധിയാണ്.
 ഫൈബര്‍, ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, വിറ്റാമിന്‍ ബി, വിറ്റാമിന്‍ ഇ തുടങ്ങിയവയും അവക്കാഡോയിൽ അടങ്ങിയിട്ടുണ്ട്.അവക്കാഡോ പതിവായി കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്‌ട്രോള്‍ കൂടാനും ഗുണം ചെയ്യും. ഇതിലുള്ള ആരോഗ്യകരമായ കൊഴുപ്പുകളാണ് ഇതിന് സഹായിക്കുന്നത്. അതിനൊപ്പം ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും ഉപകരിക്കും.
ദഹനം കൃത്യമാവാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും അവക്കാഡോ കഴിക്കുന്നത് നല്ലതാണ്. അതിനായി ഇതില്‍ അടങ്ങിയിരിക്കുന്ന ഫൈബറാണ് സഹായിക്കുന്നത്. പ്രമേഹത്തെ നിയന്ത്രിക്കാനും ഇവ ഗുണം ചെയ്യും. ഗ്ലൈസിക് സൂചികയും കുറവുള്ള പഴം കൂടിയാണിത്.
അവക്കാഡോ പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ഓര്‍മ്മശക്തി കൂട്ടുന്നതിനും ഇവ ഗുണം ചെയ്യും. ഇവയില്‍ ഓലീക് ആസിഡും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയിട്ടുണ്ട്. ഇവയാണ് തലച്ചോറിന്റെ ആരോഗ്യം സംരംക്ഷിക്കാന്‍ ഗുണം ചെയ്യുന്നത്.
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അവക്കാഡോ നല്ലൊരു ഭക്ഷണമാണ്. ഫൈബര്‍ ധാരാളം അടങ്ങിയ ഇത് ദിവസവും കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും അതുവഴി ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed