റിയാദ് : ഏപ്രിൽ 19ന് മലാസ് ലുലു ഹൈപ്പർ അരീനയിൽ നടക്കുന്ന ജിഎസ് പ്രദീപ് ഷോ ‘റിയാദ് ജീനിയസ് 2024’-ന്റെ മത്സരാർത്ഥികൾക്കുള്ള രജിസ്ട്രേഷൻ ഫോം പുറത്തിറക്കി.
ഗൂഗിൾ രജിസ്‌ട്രേഷൻ വഴി അപേക്ഷിക്കുന്ന ആദ്യ 400 പേർക്കാണ് മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം. രജിസ്റ്റർ ചെയ്ത മത്സരാർത്ഥികളുമായുള്ള ആദ്യ റൗണ്ട് മത്സരത്തിൽ നിന്നും തിരഞ്ഞെടുക്കുന്ന ആറുപേരുമായിട്ടായിരിക്കും ഫൈനൽ മത്സരങ്ങൾ നടക്കുക. മുഴുവൻ മത്സരാർത്ഥികൾക്കും പങ്കാളിത്ത സർട്ടിഫിക്കറ്റ് ലഭിക്കും.
റിയാദ് ജീനിയസായി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് ക്യാഷ് അവാർഡും, ഫലകവും റണ്ണറപ്പുമാരാകുന്നവർക്ക് അവാർഡ് തുകയുടെ പത്ത് ശതമാനവും ഫലകവും സമ്മാനമായി ലഭിക്കും. വിസിറ്റ് വിസയിൽ ഉള്ളവർക്കും മത്സരത്തിൽ പങ്കാളികളാകാം. രജിസ്‌ട്രേഷൻ സൗജന്യമായിരിക്കുമെന്ന സംഘാടകർ അറിയിച്ചു.
കേളി കലാസാംസ്കാരിക വേദിയുടെ 23- ആം വാർഷികം ‘കേളിദിനം 2024 ‘ ഭാഗമായാണ് ‘റിയാദ് ജീനിയസ് 2024’ അരങ്ങേറുന്നത്. ഓൺ ലൈൻ ടിക്കറ്റ് ബുക്കിങ് സൈറ്റായ ചുട്ടി ആപ് ആണ് പരിപാടിയുടെ മുഖ്യ പ്രയോജകർ. കേളിദിന സംഘാടക സമിതി ഓഫിസിൽ നടന്ന ലോഞ്ചിങ് ചടങ്ങിൽ സംഘാടക സമിതി വൈസ് ചെയർമാൻ റഫീഖ് പാലത്ത് അധ്യക്ഷനായി. സെക്രട്ടറി സുരേഷ് കണ്ണപുരം വിശദീകരണം നൽകി.
കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ഗൂഗിൾ ഫോം ലോഞ്ചിങ് നടത്തി. പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോസ് തയ്യിൽ, ഷമീർ കുന്നുമ്മൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സംഘാടക സമിതി കൺവീനർ മധു ബാലുശ്ശേരി സ്വാഗതവും ട്രഷറർ സെൻ ആന്റണി നന്ദിയും പറഞ്ഞു.