അതിമനോഹരമായ മത സൗഹാര്‍ദം എക്കാലത്തും കേരള സമൂഹത്തിന്‍റെ മുഖമുദ്രയാണ്. രാഷ്ട്രീയ ശത്രുത എത്ര ഏറിയാലും തെരഞ്ഞെടുപ്പു വേളയില്‍ സ്ഥാനാര്‍ഥികള്‍ തമ്മിലും കക്ഷികള്‍ തമ്മിലും തീ പാറുന്ന ഏറ്റുമുട്ടല്‍ പതിവാകുമ്പോഴും കേരളത്തില്‍ സമുദായങ്ങള്‍ തമ്മില്‍ ഒരു സ്പര്‍ദ്ധയും ഉണ്ടാവുക ഒരിക്കലും സാധാരണമല്ല. കേരള സമൂഹത്തിന്‍റെ കെട്ടുറപ്പ് അത്രയ്ക്കു ദൃഢമാണ്. ഏതു വെല്ലുവിളിയേയും നേരിടാനുള്ള കരുത്ത് കേരള സമൂഹത്തിനുണ്ട്.
2014 -ലും 2019 -ലുമാണ് ചില ലവ് ജിഹാദ് കഥകള്‍ പൊട്ടിപ്പുറപ്പെട്ടത്. ചില കൃസ്ത്യന്‍ പെണ്‍കുട്ടികള്‍ മുസ്ലിം യുവാക്കളുമായി പ്രണയിച്ച് വിവാഹം കഴിച്ച് അഫ്ഗാനിസ്ഥാന്‍ പോലെയുള്ള വിദേശ രാജ്യങ്ങളിലേയ്ക്കു പോയി അവിടെ ഇസ്ലാമിക യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടുവെന്നും ചിലര്‍ മരണമടഞ്ഞുവെന്നും ചിലര്‍ തടവിലായെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കത്തോലിക്കാ സമുദായം ഈ വിഷയം അന്നു ഗൗരവമായി എടുത്തതാണ്. ചില മുസ്ലിം യുവാക്കള്‍ ക്രിസ്ത്യന്‍ – ഹിന്ദു യുവതികളെ ആകര്‍ഷിച്ചു വിവാഹം കഴിക്കുന്നുവെന്നും അവരെ മറുനാടുകളിലേയ്ക്കു കടത്തുന്നുവെന്നുമായിരുന്നു അന്ന് സമുദായത്തിന്‍റെ പരാതി. ‘ലവ് ജിഹാദ് ‘ എന്ന പേര് അതിലൂടെ ഉണ്ടായി. ഇത്തരം സംഭവങ്ങള്‍ സമൂഹത്തില്‍ വ്യാപകമാണെന്നും ആരോപണമുയര്‍ന്നു.
കേരളാ പോലീസിന്‍റെ ഇന്‍റലിജന്‍സ് വിഭാഗം ഇതേപ്പറ്റി വിശദമായി അന്വേഷിച്ചെങ്കിലും ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ട നിലയില്‍ മാത്രമേ നടന്നിട്ടുള്ളു എന്ന നിഗമനത്തിലാണെത്തിയത്. ഏറിയാല്‍ മൂന്നോ നാലോ. ഏറെക്കാലം സംസ്ഥാന ഇന്‍റലിജന്‍സ് വിഭാഗം മേധാവിയും പോലീസ് ഡയറക്ടര്‍ ജനറലുമായിരുന്ന ജേക്കബ് പുന്നൂസ് ഇക്കാര്യം അന്നുതന്നെ വ്യക്തമാക്കിയിട്ടുണ്ട്.
‘കേരള സ്റ്റോറി’ എന്ന സിനിമ ഈ വിഷയത്തേക്കുറിച്ചാണ്. സിനിമയുടെ ചിത്രം പൂര്‍ത്തികരിച്ച സമയത്ത് ഏതാണ്ട് 32,000 ക്രിസ്ത്യന്‍ – ഹിന്ദു യുവതികളെ മുസ്ലിം യുവാക്കള്‍ വിവാഹം കഴിച്ചു വിദേശത്തേയ്ക്കു കൊണ്ടുപോയെന്നാണു പറഞ്ഞിരുന്നത്. ഇതേച്ചൊല്ലി ആരോപണങ്ങളുണ്ടായപ്പോള്‍ ഈ ഭാഗം നീക്കം ചെയ്തു.
സിനിമാ നിര്‍മ്മാതാക്കളുടെ ലക്ഷ്യം കേരള സമൂഹത്തെ മോശമായി ചിത്രീകരിക്കുക എന്നതു തന്നെയെന്നു വ്യക്തം.
സംഘപരിവാര്‍ രാഷ്ട്രീയമാണ് ഇതിനു പിന്നില്‍. ഹിന്ദുത്വ രാഷ്ട്രീയത്തിന് കേരളത്തില്‍ ഇതുവരെ വേരോട്ടമുണ്ടായിട്ടില്ല. പലതരം ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചിട്ടും കേരളം ഹിന്ദുത്വ ശക്തികളോടൊപ്പം നില്‍ക്കാന്‍ ഇതുവരെ തയ്യാറായിട്ടുമില്ല. കേരളത്തിലെ ഹിന്ദു സമുദായം എക്കാലത്തും മത സൗഹാര്‍ദത്തിനും മതേതര ചിന്തയ്ക്കും ഒപ്പമാണു നിന്നുപോന്നത് എന്നതുതന്നെ കാരണം.
കേരള സമൂഹത്തിന്‍റെ ഉയര്‍ന്ന മൂല്യങ്ങളെയും ഉറച്ച മതേതര സ്വഭാവത്തിന്‍റെയും മുഖത്ത് കരി വാരിത്തേയ്ക്കുക എന്ന ലക്ഷ്യത്തോടുകൂടിത്തന്നെയാണ് ചിലര്‍ ‘കേരള സ്റ്റോറി’ എന്ന സിനിമ നിര്‍മ്മിച്ചത്. തെരഞ്ഞെടുപ്പിനു മുമ്പായി ദൂരദര്‍ശന്‍ ആ സിനിമ കേരളത്തിലും പ്രദര്‍ശിപ്പിച്ചത് കേന്ദ്ര സര്‍ക്കാരിന്‍റെ അറിവോടെയാണെന്ന കാര്യത്തില്‍ സംശയമില്ല താനും.
ഇവിടെ ക്രിസ്ത്യന്‍ – മുസ്ലിം സമുദായങ്ങള്‍ തമ്മില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്തുക എന്നതു തന്നെയാണ് ഈ നീക്കത്തിനു പിന്നില്‍.
ദൂരദര്‍ശന്‍ ഈ സിനിമ പ്രദര്‍ശിപ്പിച്ചതിനു ശേഷം ഇടുക്കി കത്തോലിക്കാ രൂപത ഏപ്രില്‍ നാലാം തീയതി 10, 11, 12 ക്ലാസ് കുട്ടികള്‍ക്കുവേണ്ടി നടത്തിയ ‘വിശ്വാസോത്സവ’ത്തില്‍ സിനിമ പ്രദര്‍ശിപ്പിച്ചത് കേരള സമൂഹത്തെ അത്ഭുതപ്പെടുത്തി. കുട്ടികള്‍ ‘വഴിതെറ്റാതിരിക്കാനുള്ള’ മുന്നറിയിപ്പായാണ് സിനിമ പ്രദര്‍ശിപ്പിച്ചതെങ്കിലും രൂപതാ നേതൃത്വത്തിന്‍റെ ജീര്‍ണിച്ച മനോനില തന്നെയാണ് ഇതിലൂടെ പുറത്തുവന്നത്. തുടര്‍ന്ന് തലശേരി അതിരൂപതയിലെ യുവജന വിഭാഗം ഈ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തുനിഞ്ഞെങ്കിലും അതിരൂപതാ നേതൃത്വം വിലക്കിയിരിക്കുകയാണ്.
കത്തോലിക്കാ സമുദായത്തിലെ ചില ബിഷപ്പുമാരും പുരോഹിതിന്മാരുമാണ് ഇന്നത്തെ കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ‘കേരള സ്റ്റോറി’ വീണ്ടും തങ്ങളുടെ സ്വന്തം കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിച്ച് സായൂജ്യമടയാന്‍ നോക്കുന്നത്. അതും മണിപ്പൂരില്‍ ഇന്നും സര്‍ക്കാരിന്‍റെ അനുമതിയോടെ ക്രിസ്ത്യന്‍ വേട്ടയും പള്ളി തകര്‍ക്കലും നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍. മണിപ്പൂരിലേത് രണ്ടു വംശങ്ങള്‍ തമ്മില്‍ നടക്കുന്ന വംശീയ ലഹളയാണെന്നു പറഞ്ഞ് വിഷയം ലഘൂകരിക്കാന്‍ കേരളത്തില്‍ ചില സംഘപരിവാര്‍ നേതാക്കള്‍ ഏറ്റുപിടിക്കുന്ന സാഹചര്യത്തില്‍ ഇതിനൊക്കെയിടയിലും യാക്കോബായ സഭയുടെ മുന്‍ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ ഫേസ്ബുക്കില്‍ കുറിച്ച വരികള്‍ കേരള സമൂഹത്തിലേയ്ക്കു വെള്ളി വെളിച്ചം വീശുന്നു.
യേശുക്രിസ്തുവിന്‍റെ പേരിലുള്ള സഭയില്‍ ലവ് സ്റ്റോറികളാണ്, വിദ്വേഷത്തിന്‍റെയും വെറുപ്പിന്‍റെയും കഥകളല്ല പ്രചരിപ്പിക്കേണ്ടത് എന്നാണ് കൂറിലോസ് മെത്രാപ്പോലീത്താ കുറിച്ചത്. എത്ര സുന്ദരമായ വാക്കുകള്‍ !
മണിപ്പൂരിലും ഉത്തരേന്ത്യയില്‍ പല ഭാഗങ്ങളിലും ക്രിസ്ത്യാനികള്‍ നേരിടുന്ന പീഡനങ്ങളുടെയും ആക്രമണങ്ങളുടെയും പേരില്‍ കഴിഞ്ഞ ദുഖവെള്ളിയാഴ്ച ദിവസം സംഘപരിവാറിനും കേന്ദ്ര സര്‍ക്കാരിനുമെതിരെ ശക്തമായി പ്രതികരിച്ച സഭാധ്യക്ഷന്മാരെവിടെ ? വഴി തെറ്റുന്ന പുരോഹിതന്മാര്‍ക്കും ബിഷപ്പുമാര്‍ക്കും യുവജന നേതാക്കള്‍ക്കും സല്‍ബുദ്ധി ഉപദേശിച്ചുകൊടുക്കാന്‍ സഭാധ്യക്ഷന്മാര്‍ തന്നെ തയ്യാറാകണം. സഭയുടെ മാത്രമല്ല, കേരള സമൂഹത്തിന്‍റെയും സ്വഛമായ നിലനില്‍പ്പിന് അതാവശ്യമാണ്.
‘കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ചും വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും നുണക്കഥകള്‍ പ്രചരിപ്പിച്ചും കേരള സമൂഹത്തില്‍ ക്രിസ്ത്യാനികളെയും മുസ്ലിംങ്ങളെയും ശത്രുക്കളാക്കേണ്ടത് സംഘപരിവാറിന്‍റെ രാഷ്ട്രീയ ലക്ഷ്യമാണ്. ആ കുരുക്കില്‍ സഭാ നേതൃത്വം വീഴരുത്. ഒരിക്കലും.