ആലപ്പുഴ: പ്രതിസന്ധിഘട്ടങ്ങളില്‍ താങ്ങും തണലും ആകുന്ന ചില മനുഷ്യരുണ്ട്. ഒരു നന്ദി വാക്കു പോലും പ്രതീക്ഷിക്കാതെ തന്റെ കര്‍മ്മപഥത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് മുന്നോട്ടു പോകുന്ന ചിലര്‍. മറ്റുള്ളവര്‍ക്കായി സമര്‍പ്പിത ജീവിതം നയിക്കുന്ന ഇത്തരം ആളുകളുടെ വരവും പ്രതീക്ഷിച്ച് കാത്തിരിക്കുന്ന ഒരു വിഭാഗം എപ്പോഴും എവിടെയും കാണാം… അത്തരത്തിലൊരു കൂടിക്കാഴ്ച്ചയായിരുന്നു ചേര്‍ത്തല കാറ്റാടി കടപ്പുറത്തേത്. 
3 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു സംഭവമാണ് ഈ കൂടിക്കാഴ്ച്ചക്ക് ആധാരം. മാരാരിക്കുളം ചെത്തി സ്വദേശിനിയായ മേരി ഹെലന്‍ എന്ന 21 കാരി അന്ന് മംഗലാപുരം സുലേഖ നേഴ്‌സിംഗ് കോളേജില്‍ പഠിക്കുകയാണ്. നാലാംവര്‍ഷ വിദ്യാര്‍ത്ഥിനിയായ മേരിയുടെ കാല്‍പ്പാദങ്ങളില്‍ ഒരു നാള്‍ നീരു വെച്ച് പൊങ്ങിയതായി കണ്ടു. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അത് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ചു. 

പെട്ടെന്ന് രോഗം മൂര്‍ച്ഛിച്ച് മേരി തീരേ അവശതയിലായി. പരിശോധനയില്‍ വൃക്കരോഗമാണെന്ന് വ്യക്തമായി. കൊറോണയും ലോക്ക്ഡൗണും അതിന്റെ മൂര്‍ദ്ധന്യത്തില്‍ നില്‍ക്കുന്ന സമയം. കിടക്കുന്ന ആശുപത്രിയില്‍ നിന്നു പോലും പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യം. അമ്മ ജാന്‍സിക്ക് പോലും മകളെ ഒരു നോക്ക് കാണാനോ ആശ്വസിപ്പിക്കാനോ സാധിക്കാത്തത്ര മോശം സാഹചര്യം. 
കൊച്ചിയിലേയ്ക്ക് വിദഗ്ദചികിത്സയ്ക്കായി കൊണ്ടു പോകണം എന്ന് ഡോക്ടര്‍മാര്‍ വിധി എഴുതി. എന്തു ചെയ്യുമെന്ന് അറിയാതെ നില്‍ക്കുമ്പോഴാണ് ആലപ്പുഴ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയെയും മണ്ഡലം പ്രസിഡന്റിനെയും ബന്ധപ്പെട്ട് മേരി സഹായം തേടുന്നത്. അവര്‍ വഴി ഇപ്പോഴത്തെ ആലപ്പുഴ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ.സി വേണുഗോപാല്‍ ഈ വിവരം അറിയുന്നു. 
കര്‍ണ്ണാടകയിലെ ഔദ്യോഗിക അനുമതികള്‍ എഐസിസി ജനറല്‍ സെക്രട്ടറിയായ കെ.സി വേണുഗോപാല്‍ അതിവേഗം ഇടപെട്ട് ലഭ്യമാക്കി. തുടര്‍ന്ന് മേരിയെ കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ എത്തിച്ചു. അതിര്‍ത്തിയില്‍ മറ്റൊരു ആംബുലന്‍സ് ഏര്‍പ്പാടാക്കി കെസിയുടെ നിര്‍ദ്ദേശത്തില്‍ ഓരോ ജില്ലയിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ എത്തി ഭക്ഷണവും വെള്ളവും നല്‍കി മേരിയെ കൊച്ചിയില്‍ എത്തിച്ചു. 

ചികിത്സയുടെയും മരുന്നിന്റെയും ബലത്തില്‍ ഇന്ന് സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയിരിയ്ക്കുന്നു മേരി. അന്നു മുതല്‍ ഇന്നുവരെ മേരി കാണാന്‍ കാത്തിരിയ്ക്കുകയായിരുന്നു കെസിയെ. 
പഠിപ്പിന്റെയും ചികിത്സയുടെയും ഇടയില്‍ ഇതുവരെ കാണാന്‍ സാധിച്ചില്ല. കാറ്റാടിയില്‍ മത്സ്യത്തൊഴിലാളികളുമായുള്ള സംവാദപരിപാടിയ്ക്കായി കെസി എത്തുന്നു എന്നറിഞ്ഞപ്പോള്‍ നേരില്‍ കണ്ട് നന്ദി അറിയിക്കാന്‍ വന്നതാണ് മേരി. കൂടെ മത്സ്യത്തൊഴിലാളിയായ ബേബിച്ചനും അമ്മ ജാന്‍സിയും ഉണ്ടായിരുന്നു. 
റാങ്കോടെ നഴ്‌സിംഗ് പൂര്‍ത്തിയാക്കിയ മേരി ഇപ്പോള്‍ വിദേശത്ത് ജോലിയ്ക്ക് പോകുവാനുള്ള തയ്യാറെടുപ്പിലാണ്. എന്തു സഹായത്തിനും വിളിക്കണം എന്നു പറഞ്ഞാണ് മേരിയെയും കുടുംബത്തെയും കെസി യാത്രയാക്കിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *