തൃശൂര്‍: വേനല്‍ ചൂടില്‍ ഒരിറ്റ് വെള്ളം തേടി അലയുന്ന പക്ഷികള്‍ക്ക് കുടിവെള്ളം നല്‍കാന്‍ ഗുരുവായൂര്‍ ദേവസ്വം. ഗുരുവായൂര്‍ ക്ഷേത്രത്തിലും നടപ്പുരകളിലും കീഴേടം ക്ഷേത്രങ്ങളിലും പുന്നത്തൂര്‍ ആനക്കോട്ടയിലും ദേവസ്വം ക്വാര്‍ട്ടേഴ്‌സുകളിലുമാണ് പക്ഷികള്‍ക്കും മറ്റു ജീവികള്‍ക്കുമായി ദാഹജലം ഒരുക്കുന്നത്.
മണ്‍പാത്രത്തിലാണ് വെള്ളംവെക്കുക. ഇതിനാവശ്യമായ ആയിരത്തൊന്ന് മണ്‍പാത്രങ്ങള്‍ ഗുരുവായൂരപ്പന് സമര്‍പ്പിച്ചു.
ആലുവ സ്വദേശി ശ്രീമദ് നാരായണനാണ് മണ്‍പാത്രങ്ങള്‍ സമര്‍പ്പിച്ചത്. ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ ഡോ വി കെ വിജയന്‍ മണ്‍പാത്രങ്ങള്‍ ഏറ്റുവാങ്ങി.
ദേവസ്വംഭരണ സമിതി അംഗങ്ങളായ സി മനോജ്, കെ ആര്‍ ഗോപിനാഥന്‍, മനോജ് ബി നായര്‍, വി ജി രവീന്ദ്രന്‍, കെ പി വിശ്വനാഥന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ പിവിനയന്‍ ,ക്ഷേത്രം ഡി എ പ്രമോദ് കളരിക്കല്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഡോ എം എന്‍ രാജീവ്, മറ്റു ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.