മൊഹാലി: ശശാങ്ക് സിംഗിന്റെയും അശുതോഷ് ശര്‍മയുടെയും ഏഴാം വിക്കറ്റ് കൂട്ടുക്കെട്ട് പഞ്ചാബ് കിംഗ്‌സിന് അവസാന നിമിഷം വരെ വിജയപ്രതീക്ഷ നല്‍കിയെങ്കിലും നിര്‍ഭാഗ്യം വിനയായി. ത്രില്ലര്‍ പോരാട്ടത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് രണ്ട് റണ്‍സ് ജയം. സ്‌കോര്‍: ഹൈദരാബാദ്-20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 182. പഞ്ചാബ്-20 ഓവറില്‍ ആറു വിക്കറ്റിന് 180.
15.3 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സ് എന്ന നിലയില്‍ പഞ്ചാബ് വന്‍ തകര്‍ച്ചയെ അഭിമുഖീകരിച്ച ഘട്ടത്തിലാണ് ശശാങ്കിന്റെയും അശുതോഷിന്റെയും ഒത്തുച്ചേരല്‍. കഴിഞ്ഞ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അപ്രതീക്ഷിത ജയം സമ്മാനിച്ച ഈ സഖ്യത്തിന് പക്ഷേ, ഇത്തവണ ആ ‘മാജിക്’ തുടരാനായില്ല. ശശാങ്ക് 25 പന്തില്‍ 46 റണ്‍സുമായും, അശുതോഷ് 15 പന്തില്‍ 33 റണ്‍സുമായും പുറത്താകാതെ നിന്നു. മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി.
37 പന്തില്‍ 64 റണ്‍സെടുത്ത നിതിഷ് കുമാര്‍ റെഡ്ഡിയാണ് സണ്‍റൈസേഴ്‌സിന്റെ ടോപ് സ്‌കോറര്‍. 12 പന്തില്‍ 25 റണ്‍സെടുത്ത അബ്ദുല്‍ സമദും തിളങ്ങി. പഞ്ചാബിനു വേണ്ടി അര്‍ഷ്ദീപ് സിംഗ് നാലു വിക്കറ്റ് വീഴ്ത്തി.