ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ ഭരണത്തില്‍ ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും കയ്യേറാന്‍ ചൈനയ്ക്ക് കഴിഞ്ഞില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ചൈന ആക്രമിച്ചപ്പോള്‍ ജവഹർലാൽ നെഹ്‌റു അസമിനോട് ‘ബൈ-ബൈ’ പറഞ്ഞതെങ്ങനെയെന്ന് അസമിലെ ജനങ്ങൾ ഒരിക്കലും മറക്കില്ലെന്നും അമിത് ഷാ പറഞ്ഞു. അസമിലെ ലഖിംപൂരിൽ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ ബംഗ്ലാദേശുമായുള്ള രാജ്യത്തിൻ്റെ അതിർത്തി സുരക്ഷിതമാക്കുകയും നുഴഞ്ഞുകയറ്റം തടയുകയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.
, “കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, അസമിൻ്റെ സംസ്കാരം സംരക്ഷിക്കണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. തൻ്റെ മുത്തശ്ശി അസമിനോട് ചെയ്തത് എന്താണെന്ന് അദ്ദേഹത്തെ ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ആയിരക്കണക്കിന് യുവാക്കളെ വഴിതെറ്റിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു”, അമിത് ഷാ ആരോപിച്ചു.