ഡൽഹി: പരസ്പരമുള്ള മത്സരത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് സുപ്രീം കോടതി. ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കേന്ദ്രത്തിനെതിരെ വിവിധ സംസ്ഥാന സർക്കാരുകൾ കോടതിയെ സമീപിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ പരാമർശം.
വരൾച്ച കൈകാര്യം ചെയ്യുന്നതിനായി എൻഡിആർഎഫ് സാമ്പത്തിക സഹായം അനുവദിക്കാൻ കേന്ദ്രത്തിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കർണാടക സർക്കാർ നൽകിയ ഹർജി പരിഗണിക്കവേ ജസ്റ്റിസുമാരായ ബി ആർ ഗവായ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് താക്കീത് നൽകിയത്.
“ഒരു മത്സരം ഉണ്ടാകരുത്,” സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലും കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ ജസ്റ്റിസ് ഗവായ് അഭിപ്രായപ്പെട്ടു.
വരൾച്ച നേരിടാൻ കേന്ദ്രം ധനസഹായം നൽകുന്നില്ലെന്ന് കർണാടക സർക്കാർ കുറ്റപ്പെടുത്തി. ഇന്റർ മിനിസ്റ്റീരിയൽ സെൻട്രൽ ടീം (ഐഎംസിടി) റിപ്പോർട്ട് ലഭിച്ച് ഒരു മാസത്തിനകം എൻഡിആർഎഫ് സഹായം നൽകുന്ന കാര്യത്തിൽ കേന്ദ്രം അന്തിമ തീരുമാനമെടുക്കണമെന്നാണ് ചട്ടങ്ങൾ ആവശ്യപ്പെടുന്നതെന്ന് സിബൽ ബെഞ്ചിനെ അറിയിച്ചു.
കർണാടകയെ സംബന്ധിച്ചിടത്തോളം, ഈ കാലയളവ് 2023 ഡിസംബറിൽ അവസാനിച്ചു, എന്നാൽ ഒന്നും ലഭിച്ചില്ല സിബൽ പറഞ്ഞു.
കോടതിയെ സമീപിക്കുന്നതിനു പകരം സംസ്ഥാനത്തുനിന്നുള്ള ആരെങ്കിലും കേന്ദ്രവുമായി സംസാരിച്ചിരുന്നെങ്കിൽ പ്രശ്നം പരിഹരിക്കാമായിരുന്നുവെന്ന് ജസ്റ്റിസ് മേത്ത പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള ഹർജിയുടെ സമയത്തെയും അദ്ദേഹം ചോദ്യം ചെയ്യുകയും നോട്ടീസ് നൽകരുതെന്ന് വ്യകത്മാക്കുകയും ചെയ്തു.
ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കേന്ദ്രത്തിനെതിരെ ആശ്വാസം തേടി പല സംസ്ഥാനങ്ങളും സമീപിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.