ന്യൂഡൽഹി: ഭാരതീയ ജനതാ പാർട്ടി എംപി ഹേമമാലിനിക്കെതിരായ വിവാദ പരാമർശത്തിൽ കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാലയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ചൊവ്വാഴ്ച കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ഹരിയാനയിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ നടത്തിയ പരാമർശത്തിനെ ആസ്പദമാക്കിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
നേതാക്കളെ എംഎൽഎയും എംപിയുമാക്കുന്നത് ജനങ്ങളുടെ ശബ്ദം ഉയർത്താനാണ്, അവർക്ക് അതിന് കഴിയണം, എന്നാൽ ഹേമമാലിനി എം പിയാകുന്നത് നക്കി തിന്നാനാണെന്നുമായിരുന്നു സുര്‍ജേവാലയുടെ ‘കമന്‍റ്’.
സുർജേവാലയുടെ ആരോപണവിധേയമായ പരാമർശത്തിൻ്റെ ഒരു ഭാഗം പങ്കുവെച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞത് ഇങ്ങനെ: “മേൽപ്പറഞ്ഞ അഭിപ്രായങ്ങൾ അന്തസ്സില്ലാത്തതും അശ്ലീലവും അപരിഷ്‌കൃതവുമാണ്, മാത്രമല്ല ശ്രീമതി ഹേമമാലിനിക്ക് വലിയ അവഹേളനവും പാർലമെൻ്റ് അംഗമെന്ന നിലയിലുള്ള അവരുടെ സ്ഥാനത്തോട് അനാദരവുമുണ്ടാക്കുകയും ചെയ്യുന്നതാണ്.
രാഷ്ട്രീയ രൂപീകരണങ്ങളിലുടനീളം, പൊതുജീവിതത്തിലെ സ്ത്രീകളുടെയും പൊതുവെ എല്ലാ സ്ത്രീകളുടെയും ബഹുമാനത്തിനും അന്തസ്സിനും ക്ഷതമുണ്ടാക്കുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രചാരകർ ഇപ്പോഴും സ്ത്രീകളുടെ അന്തസ്സിനും അന്തസ്സിനും വിരുദ്ധമായ പ്രസ്താവനകളിൽ മുഴുകുന്നത് ദൗർഭാഗ്യകരമാണ്,”
അതേസമയം സുര്‍ജേവാലയുടെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് തെറ്റിദ്ധാരണ ജനിപ്പിക്കുംവിധം പ്രചരിപ്പിക്കുന്നുവെന്നാണ് കോൺഗ്രസ് വിഷയത്തില്‍ നല്‍കുന്ന വിശദീകരണം.
സ്ത്രീകളെ ബഹുമാനിക്കേണ്ടത് എങ്ങനെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നോക്കി കോൺഗ്രസ് നേതാക്കള്‍ പഠിക്കുകയാണ് വേണ്ടതെന്ന് ഹേമമാലിനിയും പ്രതികരിച്ചു.
ഹേമമാലിനിയെ പോലുള്ളവർക്ക് എം.പി സ്ഥാനം കൊടുക്കുന്നതുമായി ബന്ധപ്പെട്ട് സുർജെവാല നടത്തിയ പരാമർശത്തിന്റെ വിഡിയോ ‘എക്സി’ൽ പങ്കുവെച്ച് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യയാണ് വിവാദത്തിന് തിരികൊളുത്തിയത്. ആരോപണം നിഷേധിച്ച സുർെജവാല, തന്റെ പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രം വളച്ചൊടിച്ച് ബി.ജെ.പി ഐ.ടി സെൽ വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ചു. പ്രസംഗത്തിന്റെ ബാക്കി ഭാഗം കൂടി പങ്കുവെച്ച സുർജെവാല ഹേമമാലിനിയെ ആദരിക്കുന്നുവെന്നാണ് താൻ പ്രസംഗിച്ചതെന്ന് പ്രതികരിച്ചു.