തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഗവർണർ അംഗീകരിച്ച ശേഷം ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് മണികുമാർ പിന്മാറിയതിനു പിന്നിൽ അണിയറക്കഥകൾ ഏറെ.
മണികുമാറിനെ നിയമിക്കാനുള്ള ശുപാർശ ഗവർണർ 10 മാസം തടഞ്ഞുവച്ചിരിക്കുകയായിരുന്നു. ഒരു കേന്ദ്രമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് കഴിഞ്ഞ നാലിന് ഗവർണർ ഫയലിൽ ഒപ്പിട്ടത്.
കേന്ദ്രമന്ത്രി ശുപാർശ ചെയ്യാനും ഒരു കാരണമുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ അടുപ്പക്കാരനാണ് മണികുമാർ. അദ്ദേഹത്തെ കേരളത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ തലപ്പത്ത് നിയമിക്കാൻ ഏറെ താത്പര്യപ്പെട്ടതും സ്റ്റാലിനായിരുന്നു. സ്റ്റാലിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് കേരള സർക്കാർ മണികുമാറിനെ ആ പദവിയിലേക്ക് ശുപാർശ ചെയ്തതും.
കേരളത്തിൽ ശുപാർശ ചെയ്തിട്ട് ഗവർണർ നിയമിക്കാൻ വിസമ്മതിച്ച് തള്ളിക്കളഞ്ഞയാളെ തമിഴ്നാട് മനുഷ്യാവകാശ കമ്മിഷന്റെ തലപ്പത്തേക്ക് കൊണ്ടുവരുന്നത് തിരിച്ചടിയാണെന്ന് സ്റ്റാലിൻ മനസിലാക്കി. അങ്ങനെയാണ് കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെക്കൊണ്ട് ഒപ്പിടീച്ചത്.
മണികുമാർ പിൻമാറുമെന്ന് സംസ്ഥാന സർക്കാരിനും ഒരു അറിവുമുണ്ടായിരുന്നില്ല. രണ്ടാഴ്ച മുൻപും മണികുമാറിനെ നിയമിക്കാനുള്ള ശുപാർശയിൽ ഉറച്ചു നിൽക്കുന്നെന്ന് സർക്കാർ ഗവർണറെ അറിയിച്ചിരുന്നു. ഗവർണർ ഒപ്പിട്ടതിനു പിന്നാലെയാണ് വ്യക്തിപരമായ കാരണങ്ങളാൽ താൻ പിന്മാറുകയാണെന്ന് മണികുമാർ ഗവർണർക്കും ചീഫ്സെക്രട്ടറിക്കും ഇമെയിൽ സന്ദേശമയച്ചത്.
തന്നെ പരിഹസിക്കുന്നതിനും അപമാനിക്കുന്നതിനും തുല്യമാണ് ഈ പിന്മാറ്റമെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിലയിരുത്തിയത്. അസൗകര്യമുണ്ടെങ്കിൽ മുൻകൂട്ടി അറിയിക്കണമായിരുന്നു. അല്ലാതെ നിയമനത്തിനുള്ള ഫയലിന് അംഗീകാരം നൽകിയ ശേഷം നാടകീയമായി പിന്മാറുന്നത് ശരിയായില്ലെന്നാണ് അദ്ദേഹം പറയുന്നത്.
അതേസമയം, ഗവർണർ ഫയലിൽ ഒപ്പിട്ടെങ്കിലും മണികുമാറിനെ നിയമിക്കാനുള്ള വിജ്ഞാപനം സർക്കാർ പുറത്തിറക്കാത്തതിനാൽ ഇനി തുടർനടപടികൾ വേണ്ടിവരില്ല. മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും അടങ്ങുന്ന സമിതി വീണ്ടും യോഗം ചേർന്ന് പുതിയയാളെ ഈ സ്ഥാനത്തേക്ക് ശുപാർശ ചെയ്താൽ മതിയാവും.
ഹൈക്കോടതിയിൽ നിന്ന് അടുത്തിടെ വിരമിച്ച ജഡ്ജിമാരായ ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരാണ് മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഇനി സർക്കാരിന്റെ പരിഗണനയിലുള്ളത്.
ചീഫ് ജസ്റ്റിസായിരിക്കുമ്പോൾ തന്നെ ജസ്റ്റിസ് മണികുമാറിനെ സർക്കാർ ഈ സ്ഥാനത്തേക്ക് പരിഗണിച്ചു തുടങ്ങിയതിലും, വിരമിക്കുന്നതിനു തൊട്ടു മുമ്പ് കോവളത്തെ സ്വകാര്യ ഹോട്ടലിൽ അദ്ദേഹത്തിന് മുഖ്യമന്ത്രി യാത്രയയപ്പ് നൽകിയതിലും ഗവർണർക്ക് അതൃപ്തിയുണ്ടായിരുന്നു.
ഇക്കാരണത്താലാണ് ശുപാർശ അംഗീകരിക്കാതിരിരുന്നത്. ജസ്റ്റിസ് മണികുമാറിനെ നിയമിക്കുന്നതിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റിയുടെയും പരാതികൾ ഗവർണറുടെ മുന്നിലുണ്ടായിരുന്നു.
വിരമിച്ച ഹൈക്കോടതി ചീഫ്ജസ്റ്റിസ്, സുപ്രീംകോടതി ജഡ്ജി എന്നിവർക്കു മാത്രമാണ് ഇതുവരെ മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷനാവാമായിരുന്നത്. കേന്ദ്രത്തിന്റെ ചട്ടഭേദഗതിപ്രകാരം ഹൈക്കോടതിയിലെ റിട്ട. ജഡ്ജിമാർക്കും കമ്മിഷൻ അദ്ധ്യക്ഷനാവാം. കാലാവധി അഞ്ചിൽ നിന്ന് മൂന്നു വർഷമാക്കി.
ഒന്നോ അതിലേറെയോ ടേം കാലാവധി നീട്ടാം. 70 വയസാണ് പ്രായപരിധി. കമ്മിഷൻ അദ്ധ്യക്ഷന് ഹൈക്കോടതി ചീഫ്ജസ്റ്റിസിനുള്ള ശമ്പളം, പദവി, ആനുകൂല്യങ്ങൾ എന്നിവയുണ്ട്. 7പേഴ്സണൽ സ്റ്റാഫും കാറും ഔദ്യോഗികവസതിയുമുണ്ട്. അംഗങ്ങൾക്ക് ഹൈക്കോടതി ജഡ്ജിയുടെ പദവിയും ശമ്പളവും ആനുകൂല്യങ്ങളും പെൻഷനും.