കോട്ടയം: യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന്‍റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണ സമയത്ത് സാമുദായിക പരിഗണന നോക്കി തന്നെ മാറ്റി നിര്‍ത്തിയെന്ന യുഡിഎഫ് മുന്‍ ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പന്‍റെ വെളിപ്പെടുത്തലില്‍ വെട്ടിലായി യുഡിഎഫ്.
ക്രിസ്ത്യാനിയായതുകൊണ്ട് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള 5 പേരുടെ ലിസ്റ്റില്‍ യുഡിഎഫ് ജില്ലാ ചെയര്‍മാനായിട്ടും തന്നെ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് മോന്‍സ് ജോസഫ് എംഎല്‍എ വാശിപിടിച്ചു. പകരം മുസ്ലിം ലിഗ് നേതാവ് അസീസ് ബഡായിയെ ഉള്‍പ്പെടുത്തി.
അസീസിനെ ഉള്‍പ്പെടുത്തിയത് യുഡിഎഫ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുന്ന മറ്റ് ചില വിഭാഗങ്ങളെ തൃപ്തിപ്പെടുത്താനാണെന്ന ആരോപണമാണ് മഞ്ഞക്കടമ്പന്‍ ഉന്നയിക്കുന്നത്.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ സ്ഥാനാര്‍ഥിക്കൊപ്പം വരണാധികാരിയുടെ ക്യാബിനില്‍ കയറാന്‍ അനുവാദമുള്ളത് 5 പേര്‍ക്ക് മാത്രമായിരുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ്, നാട്ടകം സുരേഷ് എന്നിവര്‍ അകത്ത് കയറാന്‍ തീരുമാനിച്ചു. പാര്‍ട്ടി ജില്ലാ പ്രസിഡന്‍റും യുഡിഎഫ് ജില്ലാ ചെയര്‍മാനും എന്ന നിലയില്‍ താനായിരുന്നു ഒപ്പം കയറേണ്ട അഞ്ചാമത്തെ ആള്‍.
എന്നാല്‍ തന്നെ ഒഴിവാക്കാനായി എല്ലാവരും ക്രിസ്ത്യാനികള്‍ വേണ്ട എന്നു പറഞ്ഞ് മോന്‍സ് ജോസഫാണ് അസീസ് ബഡായിയെ ഒപ്പം കൂട്ടിയത്. തന്നെ ഒഴിവാക്കാന്‍ വേണ്ടി മാത്രമുള്ള നീക്കമായിരുന്നു അതെന്നാണ് സജി മഞ്ഞക്കടമ്പന്‍ പറഞ്ഞത്.
എന്നാല്‍ കോട്ടയത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ യുഡിഎഫിനെ പ്രതിരേധത്തിലാക്കുന്ന വെളിപ്പെടുത്തലാണ് സജി മഞ്ഞക്കടമ്പന്‍ നടത്തിയിരിക്കുന്നത്. പാര്‍ട്ടിയിലും മുന്നണിയിലും ഒന്നാമനെന്ന നിലയില്‍ സ്ഥാനാര്‍ഥിക്കൊപ്പം ആദ്യം ഉണ്ടാകേണ്ടിയിരുന്ന ആളെന്ന നിലയില്‍ മഞ്ഞക്കടമ്പന്‍റെ വെളിപ്പെടുത്തല്‍ ന്യായമാണെന്ന് വിശ്വസിക്കുന്നവരുണ്ട്.
യുഡിഎഫിന്‍റെയും പ്രത്യേകിച്ച് കേരള കോണ്‍ഗ്രസ് പോലൊരു പാര്‍ട്ടിയുടെയും ഭാഗത്തുനിന്ന് സംഭവിക്കാന്‍ പാടില്ലാത്ത നിലപാടാണ് കോട്ടയത്ത് സംഭവിച്ചതെന്ന നിരീക്ഷണമാണ് ഇന്ത്യന്‍ കാത്തലിക് ഫോറം പോലുള്ള സംഘടനകള്‍ നടത്തിയിട്ടുള്ളത്.