ന്യു യോർക്ക്: റോക്ക് ലാൻഡ് കൗണ്ടിയിലെ ക്ളാർക്സ്ടൗൺ ടൗണിന്റെ ട്രാഫിക് ആൻഡ് ട്രാഫിക്ക് ഫയർ സേഫ്റ്റി അഡ്വൈസറി ബോർഡ് അംഗമായി ഫൊക്കാന നേതാവ് ഫിലിപ്പോസ് ഫിലിപ്പിനെ നിയമിച്ചു. അഞ്ചു വർഷമാണ് കാലാവധി.
ട്രാഫിക്ക് സംബന്ധമായ കാര്യങ്ങളിൽ ഏഴംഗ ബോർഡ് നൽകുന്ന ഉപദേശങ്ങൾ നൽകും. അവ കണക്കിലെടുത്താണ് ടൗൺ തീരുമാനങ്ങൾ എടുക്കുക. ട്രാഫിക്ക് സുഗമമാക്കുക, ആവശ്യമുള്ളിടത്ത് ട്രാഫിക്ക് ലൈറ്റുകൾ സ്ഥാപിക്കുക, ട്രാഫിക്ക് മുന്നറിയിപ്പ് നൽകുന്ന ബോർഡ് സ്ഥാപിക്കുക തുടങ്ങി ഒട്ടനവധി കാര്യങ്ങളിൽ ബോർഡ് ഉപദേശം നൽകും. അത് പോലെ ട്രാഫിക്കുമായി ബന്ധപ്പെട്ടുള്ള തീപിടുത്തസാധ്യത ഒഴിവാക്കാനും ഉപദേശങ്ങൾ നൽകുക ബോർഡിന്റെ ചുമതലയാണ്.
പ്രാദേശിക പ്രശ്നങ്ങൾ നേരിട്ട് പോയി പഠിച്ച് ബോർഡ് അംഗങ്ങൾ നൽകുന്ന റിപ്പോർട്ട് അനുസരിച്ചാണ് തീരുമാനങ്ങളെടുക്കുക. പുതിയ നിർമ്മാണങ്ങൾ നടത്തുമ്പോഴും ബോർഡ് ട്രാഫിക് സംബന്ധിച്ച് പഠനം നടത്തുകയും നിർദേശങ്ങൾ നൽകുകയും ചെയ്യും.
എന്തായാലും മലയാളികൾ തിങ്ങിപ്പാർക്കുന്ന ഈ ടൗണിൽ ഒരു മലയാളി ട്രാഫിക്ക് ബോർഡിൽ വന്നത് ഏറ്റവും ഉപകാരപ്രദമായി.
ഫൊക്കാനയുടെ ഇപ്പോഴത്തെ ഇലക്ഷന് കമ്മീഷണര്‍ ആയ ഫിലിപ്പോസ് ഫിലിപ്പ് മുന്‍ സെക്രട്ടറിയും, ട്രസ്റ്റീ ബോര്‍ഡ് ചെയര്മാന് , കണ്വെന്ഷന് ചെയര്‍ തുടങ്ങി മൂന്നു പതിറ്റാണ്ടിലേറെ പ്രതിസന്ധികളില്‍ സംഘടനയോടൊപ്പം നിന്ന വ്യക്തിയാണ്. ഫൊക്കാനയുമായുള്ള കേസുകള്‍ അദ്ദേഹം ട്രസ്റ്റീ ബോര്‍ഡ് ചെയര്മാന് ആയിരുന്നപ്പോള്‍ ഏറ്റെടുക്കുകയും ആ കേസുകള്‍ എല്ലാം വിജയം നേടുകയും ചെയ്തു.