ദുബായ്: പെരുന്നാള്‍ പ്രമാണിച്ച് എമിറേറ്റില്‍ ഉത്സവാന്തരീക്ഷം ഒരുക്കാനായി ‘ഈദ് ഇന്‍ ദുബായ്’ എന്നപേരില്‍ പുതിയ കാമ്പയിന്‍ ആരംഭിച്ചു. ദുബായിയുടെ ആതിഥ്യമര്യാദയും സാംസ്‌കാരിക പൈതൃകവും ഉയര്‍ത്തിക്കാട്ടുന്നതിന് ദുബായ് മീഡിയ കൗണ്‍സിലാണ് (ഡി.എം.സി.) കാമ്പയിന്‍ പ്രഖ്യാപിച്ചത്. ദുബായ് രണ്ടാം ഉപഭരണാധികാരിയും ഡി.എം.സി. ചെയര്‍മാനുമായ ശൈഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണ് കാമ്പയിന്‍ ആരംഭിച്ചത്.
പൊതു-സ്വകാര്യ മേഖലകളുടെ പിന്തുണയോടെയുള്ള ആഘോഷപരിപാടികള്‍, വിനോദപ്രവര്‍ത്തനങ്ങള്‍, ഷോപ്പിങ് പ്രമോഷനുകള്‍, സാമൂഹികസംരംഭങ്ങള്‍ തുടങ്ങിയവ പുതിയ കാമ്പയിനിലുണ്ടാകും. എമിറേറ്റിന്റെ സമ്പന്നമായ പാരമ്പര്യത്തെയും നൂതനത്വത്തെയും അടയാളപ്പെടുത്തുന്ന ഒട്ടേറെ പരിപാടികളുണ്ടാകും. സര്‍ക്കാര്‍, സ്വകാര്യ മേഖലകളെ ഒരു കുടക്കീഴില്‍ അണിനിരത്തിക്കൊണ്ട് നടത്തിയ റംസാന്‍ ഇന്‍ ദുബായ് കാമ്പയിന്റെ വിജയത്തിന് പിന്നാലെയാണ് പുതിയ പ്രചാരണം.