വാഷിംഗ്ടൺ: ഗർഭഛിദ്രം ഫെഡറൽ ഗവൺമെന്റ് നിരോധിക്കണമെന്ന അഭിപ്രായം ഡൊണാൾഡ് ട്രംപിനില്ല. ഈ വിഷയം സംസ്ഥാനങ്ങളാണ് തീരുമാനിക്കേണ്ടതെന്നു ആദ്യമായി വ്യക്തമായ അഭിപ്രായം പ്രകടിപ്പിക്കാൻ ശ്രമിച്ച ട്രംപ് തന്റെ ‘ട്രൂത് സോഷ്യൽ’ മാധ്യമത്തിൽ വിഡിയോയിൽ വ്യക്തമാക്കി.
സുപ്രീം കോടതി റോ വേഴ്സസ് വേഡ് റദ്ദാക്കിയതു തന്റെ നേട്ടമാണെന്നു അവകാശപ്പെടാനും നാലു മിനിറ്റ് മാത്രം നീളമുള്ള വീഡിയോയിൽ ട്രംപ് മറന്നില്ല. താൻ പ്രസിഡന്റ് ആയിരിക്കെ നിയമിച്ച ജസ്റിസുമാരാണ് ആ വിധി പ്രസ്താവിച്ചത്.
ഫെഡറൽ തലത്തിൽ ഗർഭഛിദ്ര നിരോധനം കൊണ്ടുവരുമെന്ന് ഉറപ്പു നൽകാൻ യാഥാസ്ഥിതിക ഗ്രൂപ്പുകൾ ട്രംപിനു മേൽ സമ്മർദം ചെലുത്തിയിരുന്നു. എന്നാൽ പ്രത്യുൽപാദന വിഷയത്തിൽ ഡെമോക്രാറ്റിക് പാർട്ടിക്കു പിന്തുണ വർധിക്കുന്നതായി കണ്ട ട്രംപ് അത്തരമൊരു നിലപാട് എടുക്കാൻ തയാറായില്ല.
“എന്റെ കാഴ്ച്ചപ്പാട് ഗർഭഛിദ്രം ആവശ്യമുള്ളവർക്കു നിയമം അനുവദിച്ചാൽ അത് ആവാം എന്നാണ്,” ട്രംപ് പറഞ്ഞു. സംസ്ഥാനങ്ങൾ വോട്ട് വഴിയോ നിയമനിർമാണം വഴിയോ അത് തീരുമാനിക്കട്ടെ. അങ്ങിനെ തീരുമാനിക്കുന്നത് ആ സംസ്ഥാനത്തെ നിയമം ആയിരിക്കണം.
“പല സംസ്ഥാനങ്ങളും പല വിധത്തിൽ ആയിരിക്കും. എത്ര ആഴ്ച വരെ അനുവദിക്കാം എന്ന കാര്യത്തിൽ വ്യത്യസ്തത അഭിപ്രായങ്ങൾ ഉണ്ടാവാം. ചിലർ കൂടുതൽ യാഥാസ്ഥിതികർ ആയിരിക്കും. എന്തായാലും ഇതൊക്കെ ജനഹിത പ്രകാരമാണ്. നിങ്ങൾ നിങ്ങളുടെ ഹൃദയം പറയുന്നത് കേൾക്കണം. അല്ലെങ്കിൽ നിങ്ങളുടെ മതമോ വിശ്വാസമോ.”
ബലാത്സംഗം, നിഷിദ്ധ ലൈംഗിക ബന്ധം, അല്ലെങ്കിൽ അമ്മയുടെ ജീവനു ഭീഷണി എന്നീ സാഹചര്യങ്ങളിൽ ഒഴിവുകൾ അനുവദിക്കാമെന്ന വിശദീകരണവും ട്രംപ് നൽകി. ഐ വി എഫ് തുടങ്ങിയ നടപടികളെ റിപ്പബ്ലിക്കൻ പാർട്ടി പിന്തുണയ്ക്കുകയും ചെയ്യണം.
പ്രസിഡന്റ് ബൈഡന്റെ വക്താവ് അമ്മാർ മൂസ പറഞ്ഞു: “ഓരോ സംസ്ഥാനത്തും ഗർഭഛിദ്രം നിരോധിക്കണമെന്നാണ് ഡൊണാൾഡ് ട്രംപിന്റെ നിലപാട്. ഈ നരകം സൃഷ്ടിച്ചതിൽ അദ്ദേഹം അഭിമാനം കൊള്ളുകയും ചെയ്യുന്നു.”